
വിദ്യാർത്ഥിനികൾക്ക് വാക്‌സിൻ നൽകാനുള്ള പദ്ധതി.
തിരുവനന്തപുരം : ഗർഭാശയമുഖ കാൻസർ പ്രതിരോധത്തിന് ഹയർസെക്കൻഡറി ക്ലാസുകളിലെ പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷൻ സൗജന്യമായി നൽകാനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി.
ആദ്യഘട്ടത്തിൽ ആലപ്പുഴ,വയനാട് ജില്ലകളിലെ വിദ്യാർത്ഥിനികൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിട്ടത്. ഇതിന് മാത്രം നാലു കോടി രൂപവേണം. ആരോഗ്യവകുപ്പിന്റെയും എൻ.എച്ച്.എമ്മിന്റെയും ഫണ്ടുകൾ ഉപയോഗിക്കാനായിരുന്നു തീരുമാനം. എൻ.എച്ച്.എം ഫണ്ട് കേന്ദ്രത്തിൽ നിന്ന് മുടങ്ങിയതോടെ ജീവനക്കാർക്ക് ശമ്പളം പോലും കിട്ടുന്നില്ല. രണ്ടു ജില്ലകൾ പൂർത്തിയായാൽ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കണം.ഇല്ലെങ്കിൽ പാതിവഴിയിലായെന്ന പഴികേൾക്കും. അതിനാൽ ഫണ്ട് ഉറപ്പായശേഷം ആരംഭിച്ചാൽ മതിയെന്നാണ് തീരുമാനം. കേന്ദ്രസർക്കാർ സൗജന്യ വാക്‌സിനേഷന്റെ പട്ടികയിൽ എച്ച്.പി.വി വാക‌്സിൻ ഉൾപ്പെടുത്തിയാൽ സൗജ്യമായി വാക്‌സിൻ ലഭിക്കും. അതിനാൽ സാവധാനം മുന്നോട്ടുപോയാൽ മതിയെന്നും അഭിപ്രായമുണ്ട്. വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
4.34ലക്ഷം കുട്ടികൾ, ചെലവ് 13കോടി
പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലായി 4,34,768 പെൺകുട്ടികളുണ്ട്. 300രൂപ വീതം ചെലവായാൽ 13കോടി രൂപ വേണം.
സ്ത്രീകളിലെ വില്ലൻ
സ്‌തനാർബുദം കഴിഞ്ഞാൽ കേരളത്തിൽ സ്ത്രീകളിൽ കൂടുതൽ കാണപ്പെടുന്ന കാൻസർ.
വിദേശത്ത് ഒൻപത് വയസു മുതൽ വാക്‌സിൻ നൽകും.
വൈറസ് ശരീരത്തിലെത്തി അഞ്ചുവർഷം കഴിഞ്ഞാവും ലക്ഷണങ്ങൾ
ലൈംഗികബന്ധം ആരംഭിക്കും മുമ്പ് വാക്‌സിൻ എടുത്താലേ ആന്റിബോഡികൾ പ്രതിരോധം തീർക്കൂ.
18ന് മുൻപുള്ള ലൈംഗിക ബന്ധം, പരസ്ത്രീ ബന്ധം തുടങ്ങിയ കാരണങ്ങളാൽ രോഗം പകരും.
മൂന്ന് ഡോസ്
ആദ്യ ഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസ്
തുടർന്ന് നാലാം മാസം മൂന്നാം ഡോസ്