pinarayi
ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ഉൾചേർക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ പതാക കൈമാറൽ ചടങ്ങ് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ മന്ത്രി ഡോ.ആർ.ബിന്ദു, പദ്മശ്രീ ബോണിഫെയ്‌സ് പ്രഭു, ജയഡാളി എം. വി, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സമീപം

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങളിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ഉൾചേർക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭാരത യാത്രയിലൂടെ ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ ആശയങ്ങൾ ഇന്ത്യയിലുടനീളവും, അവിടുത്തെ ആശയങ്ങൾ ഇവിടെയും കൂട്ടിച്ചേർക്കാൻ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ ബ്രാൻഡ് അംബാസഡറും പരാലിംപ്യനുമായ ബോണിഫെയ്‌സ് പ്രഭു, ഡിഫറന്റ് ആർട് സെന്റർ ഡയറക്ടർ ജയഡാളി എം.വി, എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു. നർത്തകി മേതിൽ ദേവികയുടെ സൈൻ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവുമുണ്ടായിരുന്നു. ഒക്‌ടോബർ ആറിന് കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന ഭാരത യാത്ര ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ഡൽഹിയിൽ അവസാനിക്കും.