aaliya

കുഞ്ഞ് സെലിബ്രിറ്റിയാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹ കപൂർ. റാഹയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ പലപ്പോഴും വൈറലാവാറുണ്ട്. അടുത്തിടെ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആലിയ നടത്തിയ രസകരമായ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു.

റാഹയെ ഉറക്കാൻ ഉണ്ണീ വാവാവോ എന്ന താരാട്ട് പാട്ട് രൺബീർ പഠിച്ചെന്നാണ് ആലിയ പറയുന്നത്.

ഞങ്ങളുടെ നഴ്സ് ആദ്യ ദിവസം മുതൽ ഉണ്ണീ വാവാവോ പാടിയാണ് റാഹയെ ഉറക്കിയിരുന്നത്. പിന്നീട് ഉറക്കം വരുമ്പോഴെല്ലാം മാമാ വാവോ, പാപാ വാവോ എന്ന് പാടാറുണ്ട്. അങ്ങനെ രൺബീർ ആ മലയാളം പാട്ട് പഠിച്ചു. ആലിയ പറഞ്ഞു.

റാഹയ്ക്കായി രൺബീർ എപ്പോഴും എന്തെങ്കിലും പുതിയ ഗെയിമുകൾ കണ്ടുപിടിക്കാറുണ്ടെന്നും ധാരാളം സമയം അവർ ഒന്നിച്ച് അത് കളിക്കാറുണ്ടെന്നും ആലിയ പറഞ്ഞു.

1991 ൽ സാന്ത്വനം സിനിമയിൽ കെ.എസ്. ചിത്രയാണ് ഉണ്ണീ വാവാവോ എന്ന ഗാനം ആലപിച്ചത്. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര സംഗീതം പകർന്നു.

ഏറെ ശ്രദ്ധ നേടിയ ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത്. അതേസമയം വേദാംഗ് റെയ്‌നയ്ക്കൊപ്പം അഭിനയിക്കുന്ന ജിഗ്രയാണ് റിലീസിന് ഒരുങ്ങുന്ന ആലിയ ചിത്രം. ഒക്ടോബർ പത്തിന് റിലീസ് ചെയ്യും. ആലിയയും രൺബീറും ബ്രഹ്മാസ്ത്ര രണ്ടാം ഭാഗത്തിലും ലവ് ആൻഡ് വാർ എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.