തിരുവനന്തപുരം: കുര്യാത്തി വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തെ റോഡിലെ മാലിന്യമല ഇന്ന് നീക്കം ചെയ്യുമെന്ന് നഗരസഭ ഹെൽത്ത് വിഭാഗം അറിയിച്ചു. മാലിന്യം നീക്കുന്നതിലെ അനിശ്ചിതത്ത്വത്തെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.

ഇന്ന് രാവിലെ മുതൽ നഗരസഭ ചാക്ക സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലാണ് മാലിന്യം നീക്കം നടക്കുക. ആഹാരം,മാംസം,പച്ചക്കറി മാലിന്യങ്ങൾ ട്രിഡയുടെ സ്ഥലത്ത് തന്നെ വലിയ കുഴിയെടുത്ത് സംസ്‌കരിക്കും. രാവിലെ ഇതിനായി നഗരസഭയുടെ ജെ.സി.ബിയെത്തും. കുറച്ചുദിവസം മുമ്പ് മാലിന്യം കുഴിച്ചുമൂടാൻ ജെ.സി.ബിയുമായി ചെന്നപ്പോൾ ട്രിഡ അനുമതി നൽകിയിരുന്നില്ല. തർക്കത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ട്രിഡ അനുമതി നൽകിയത്.

പ്ളാസ്റ്റിക്ക് മാലിന്യം
തരം തിരിച്ച് മാറ്റും

ഇന്ന് രാവിലെ ആരംഭിക്കുന്ന ശുചീകരണത്തിൽ ആദ്യം പ്ളാസ്റ്റിക്ക് മാലിന്യം തരംതിരിച്ചെടുക്കും. ഇത് വൃത്തിയാക്കി ക്ളീൻ കേരള കമ്പനിക്ക് നൽകിയ ശേഷമാകും മറ്റ് മാലിന്യം സംസ്‌കരിക്കുന്നത്. ഇന്നുതന്നെ മാലിന്യം പൂർണമായി മാറ്റാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇറച്ചി മാലിന്യം,ആഹാരാവശിഷ്ടം,പ്ളാസ്റ്റിക്ക് എന്നിവയാണ് കൂടുതലുള്ളത്. പച്ചക്കറിക്കടകളിൽ നിന്നുള്ള അഴുകിയ പച്ചക്കറികളും അനധികൃത അറവുശാലയിൽ നിന്ന് പുറന്തള്ളുന്ന മാംസാവശിഷ്ടവും ഇവിടെ തള്ളിയിരുന്നു.

മാലിന്യമിടാതിരിക്കാൻ

താത്കാലിക വേലി

ഇവിടെ മാലിന്യമിടാതിരിക്കാൻ താത്കാലിക വേലി സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിന് പുറമേ സാദ്ധ്യമായ സ്ഥലങ്ങളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാനും നീക്കമുണ്ട്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക നൈറ്റ് സ്‌ക്വാഡിന്റെ കർശന നിരീക്ഷണവും ഈ ഭാഗത്തുണ്ടായിരിക്കും.