
നേമം: ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് റോഡിന് മുന്നിലെ സ്ഥലമുടമകൾ എതിർപ്പ് പ്രകടപ്പിക്കുന്നു. അനുവദിച്ചുകിട്ടിയ വിവിധ ഫണ്ടുകൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനപ്രതിനിധികൾ. കരമന -കളിയിക്കാവിള ദേശീയ പാതയിലെ പള്ളിച്ചൽ പഞ്ചായത്തിന് കീഴിൽ വരുന്ന പ്രാവച്ചമ്പലം ജംഗ്ഷൻ മുതൽ വെടിവച്ചാൻകോവിൽ വരെയുള്ള സ്റ്റോപ്പുകളിലാണ് സ്ഥലമുടമകളുടെ എതിർപ്പ് കാരണം പഞ്ചായത്ത് ജനപ്രതിനിധികൾ ഫണ്ടുപയോഗിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഐ.ബി.സതീഷ് എം.എൽ.എയുടെ കീഴിൽ വരുന്ന പ്രദേശമാണ് പ്രാവച്ചമ്പലം മുതൽ വെടിവച്ചാൻകോവിൽ വരെയുള്ള ഹൈവേയുടെ ഇടതുവശം. മറുവശം എം.വിൻസന്റ് എം.എൽ.എയുടെ കോവളം നിയോജക മണ്ഡലവുമാണ്. ഐ. ബി സതീഷ് അനുവദിച്ച ആറ് വെയ്റ്റിംഗ് ഷെഡുകളിൽ മൂന്നെണ്ണം മാത്രമേ ഇതുവരെ സ്ഥാപിക്കാനായിട്ടുള്ളൂ. ബാക്കിയുള്ളവയ്ക്ക് ദേശീയപാത അതോറിട്ടിക്ക് ഷെൽട്ടർ ഒന്നിന് 1850 രൂപ നിരക്കിൽ സ്വന്തമായി ഫീസടച്ച് എൻ.ഒ.സി വാങ്ങിയിട്ട് സാധിക്കുന്നില്ലെന്നും സ്ഥലമുടമകൾ എതിര് നിൽക്കുന്നുവെന്നും പള്ളിച്ചൽ പഞ്ചായത്ത് മെമ്പർ തമ്പി പറയുന്നു. നേമം ബ്ലോക്ക് മെമ്പർ ലതാകുമാരി പ്രാവച്ചമ്പലത്ത് ഒരു കാത്തിരിപ്പ് കേന്ദ്രത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ എതിർപ്പുമൂലം അതും നടപ്പായില്ല. അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന നേമം ഗവ.യു.പി സ്കൂൾ, വിക്ടറി ഗേൾസ് ആൻഡ് ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മുന്നിൽ പോലും വെയ്റ്റിംഗ് ഷെഡിന് അനുമതി ലഭിക്കാത്തത് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. കാത്തിരിപ്പു കേന്ദ്രങ്ങൾ അനിവാര്യമാണെന്നിരിക്കെ അതിനുള്ള ഫണ്ട് അനുവദിച്ചിട്ടും അധികൃതർ ഈ പ്രശ്നം പരിഹരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ആശങ്കകൾ പലവിധം
കാത്തിരിപ്പു കേന്ദ്രത്തിന് അഞ്ചു മീറ്റർ നീളവും 1.5 മുതൽ 2.5 മീറ്റർ വരെ വീതിയും ആവശ്യമാണ്. തങ്ങളുടെ സ്ഥലത്തിന് മുന്നിൽ കാത്തിരിപ്പു കേന്ദ്രം വന്നാൽ ഭാവിയിൽ അത് ദോഷം ചെയ്യുമെന്നാണ് ഉടമകളുടെ വാദം.
ഫുട്പാത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കമ്പിവേലി പോലും തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നു, കാത്തിരിപ്പു കേന്ദ്രം കൂടി വന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും കച്ചവടം കുറയുമെന്നും കച്ചവടക്കാർ പറയുന്നു.
കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത്:
നേമം സ്കൂൾ ജംഗ്ഷൻ
പ്രാവച്ചമ്പലം ജംഗ്ഷൻ
പള്ളിച്ചൽ വില്ലേജ് ഓഫീസ് ജംഗ്ഷൻ
വെടിവച്ചാൻകോവിൽ
ബസ് സ്റ്റോപ്പ് താഴേക്ക് മാറ്റണം
തമ്പാനൂരിൽ നിന്ന് ബാലരാമപുരത്തേക്ക് പോകുമ്പോൾ പ്രാവച്ചമ്പലത്തെ ബസ് സ്റ്റോപ്പ് എൻ.എച്ചുകാർ അനുവദിച്ചത് ജംഗ്ഷന് താഴെ വൺവേ തുടങ്ങുന്നിടത്താണ്. എന്നാൽ ഇവിടേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാൻ കടക്കാരും അനുവദിക്കുന്നില്ല. മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. സ്റ്റോപ്പ് മാറ്റിയാൽ യാത്രക്കാർക്ക് പ്രാവച്ചമ്പലത്തെ അപകടകരമായ തിരക്കിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് നാട്ടുകാർ പറയുന്നു.