തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷനിൽ കാനറാബാങ്കിന്റെ എ.ടി.എം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ചാശ്രമം. ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. സുരക്ഷാ അലാറം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച മോഷ്ടാവ് രക്ഷപ്പെട്ടു. ബാങ്കിന്റെ ടെക്‌നോളജി സെക്ഷൻ മാനേജർ ജിജോയുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
എ.ടി.എമ്മിന്റെ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടാകുമെന്നും ഇന്ന് വിശദ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. മെഷീനിന്റെ ലോക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാഅലാറം മുഴങ്ങി. തുടർന്ന് ബാങ്കിന്റെ സുരക്ഷാ ഓഫീസിൽനിന്ന് വട്ടിയൂർക്കാവ് പൊലീസിൽ വിവരമെത്തി. പൊലീസെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പണം നഷ്ടമായിട്ടില്ലെന്നും സാങ്കേതിക തകരാർ പരിഹരിച്ച് എ.ടി.എമ്മിന്റെ പ്രവർത്തനം പുനരാരംഭിച്ചതായും ബാങ്ക് അധികൃതർ അറിയിച്ചു.