nursing-course

#പരാതി ലഭിച്ചില്ലെന്ന്

സർക്കാർ

# വിരോധം തീർക്കലെന്ന്

മാനേജ്മെന്റുകൾ

തിരുവനന്തപുരം : സ്വകാര്യ നഴ്സിംഗ് സ്കൂളുകളിലെ ജനറൽ നഴ്സിംഗ് (ജി.എൻ.എം) പ്രവേശനത്തിന് സംവരണംപോലും അട്ടിമറിച്ച് തലവരി വാങ്ങി സീറ്റുകൾ കച്ചവടം ചെയ്യുന്നുവെന്ന പരാതി കേരള നഴ്സിംഗ് കൗൺസിൽ നേരിട്ട് അന്വേഷിക്കും. അംഗങ്ങളും അദ്ധ്യാപകരും ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് അന്വേഷിക്കുന്നത്. ആകെ സീറ്റിൽ 20 ശതമാനം മാനേജ്മെന്റിനാണ്. 80 ശതമാനം മെരിറ്റിലാണ്. നഴ്സിംഗ് സ്കൂളുകൾ അപേക്ഷ ക്ഷണിച്ച് ലിസ്റ്റിടുകയും കൗൺസിൽ മേൽനോട്ടം വഹിക്കുകയുമാണ് ചെയ്യുന്നത്. മെരിറ്റ് സീറ്റുകളിൽ സംവരണം അട്ടിമറിച്ച് തലവരി ആവശ്യപ്പെടുന്നതായി ലഭിച്ച പരാതികളെ തുടർന്നാണ് കഴിഞ്ഞ ആഴ്ച കൗൺസിൽ യോഗം അന്വേഷണത്തിന് തീരുമാനിച്ചത്. മാനേജ്മെന്റ് സീറ്റുകളിൽ ഫീസുൾപ്പെടെ 40,000രൂപയാണ് പരമാവധി ഈടാക്കാവുന്നത്. മൂന്നുലക്ഷം വരെ തലവരി വാങ്ങുന്നുവെന്നാണ് പരാതി

പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

54 നഴ്സിംഗ് സ്കൂളുകൾ അഡ്മിഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കൗൺസിൽ പരിശോധന. ഇത് മാനേജ്മെന്റുകളും കൗൺസിലും തമ്മിൽ ഏറ്റുമുട്ടലിന് വഴിയൊരുക്കും.

പ്രവേശനത്തിനുള്ള കോളേജുകളിലെ ഇന്റവ്യൂവിൽ ഇത്തവണ നഴ്സിംഗ് കൗൺസിൽ പ്രതിനിധികളായ അദ്ധ്യാപകർക്ക് പകരം, കൗൺസിൽ അംഗങ്ങൾ വരാൻ താത്പര്യപ്പെട്ടെങ്കിലും സർക്കാർ അനുവദിക്കാത്തതിലുള്ള വിരോധമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് മാനേജ്മെന്റുകൾ പറയുന്നു. ബി.എസ്.സി നഴ്സിംഗ് കോളേജുകളുടെ അഫിലിയേഷൻ പുതുക്കുന്നതിന് കോളേജുകളിൽ പരിശോധനയ്ക്ക് കൗൺസിൽ അംഗങ്ങൾ പോകുന്നത് സർക്കാർ വിലക്കിയിരുന്നു. മന്ത്രി വീണാ ജോർജും കൗൺസിൽ അംഗങ്ങളും ഇതേചൊല്ലി വാക്കേറ്റമായെങ്കിലും അഴിമതിക്ക് കാരണമാകുമെന്ന നിലപാടിൽ മന്ത്രി ഉറച്ചുനിന്നു. ഇതോടെ പരിശോധന ഈ വർഷം നടന്നില്ല.

110:

സ്വകാര്യ നഴ്സിംഗ്

സ്കൂളുകൾ

3527:

ആകെ സീറ്റുകൾ

2821:

മെരിറ്റ് സീറ്റുകൾ

706:

മാനേജ്മെന്റ്

സീറ്റുകൾ