
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി. പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. പാപ്പൻ എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം സുരേഷ് ഗോപിയും ജോഷിയും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനുശേഷം ജോഷി ചിത്രത്തിൽ അഭിനയിക്കാനാണ് സുരേഷ് ഗോപി ഒരുങ്ങുന്നത്. ഒറ്റക്കൊമ്പന്റെ ആറ് ദിവസത്തെ ചിത്രീകരണം അടുത്തമാസം മലേഷ്യയിൽ ആരംഭിക്കും.
തുടർന്ന് ഇൗരാറ്റുപേട്ടയിൽ ആണ് ചിത്രീകരണം. തെന്നിന്ത്യൻ താരം അനുഷ്‌ക ഷെട്ടിയായിരിക്കും നായിക. അതേസമയം അഡ്വ. ഡേവിഡ് അബേൽ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ജെ.എസ്.കെ നവംബർ 7ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.
ചിത്രത്തിന്റ ഡബിംഗിലാണ് സുരേഷ് ഗോപി. പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ടൈറ്റിലിന്റെ പൂർണരൂപം.
അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. മാധവ് സുരേഷ്, അസ്കർ അലി, ദിവ്യ പിള്ള , ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, കോട്ടയം രമേശ്, ബാലാജി ശർമ്മ തുടങ്ങി നീണ്ട താരനിരയുണ്ട്. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം ആണ് ചിത്രീകരണം പൂർത്തിയായ സുരേഷ് ഗോപി ചിത്രം.