വിതുര: മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷം വിതുര പഞ്ചായത്തിലെ മുളയ്ക്കോട്ടുകരയിൽ ജലവിതരണം പുനരാരംഭിച്ചു. പൈപ്പ് ലൈനുകൾ നോക്കുകുത്തിയായി മാറിയതുമൂലം തിരുവോണത്തിനും തൊണ്ടനനയ്ക്കാൻപോലും വെള്ളമില്ലാതെ മുളയ്ക്കോട്ടുകര നിവാസികൾ ബുദ്ധിമുട്ടിയിരുന്നു.
ഇവിടെ മിക്കവീടുകളിലും കിണറുകളില്ല. പൊൻമുടി മലയടിവാരത്ത് മഴ തിമിർത്ത് പെയ്യുമ്പോഴും വാമനപുരം നദി നിറഞ്ഞൊഴുകുമ്പോഴും വിതുര മുളയ്ക്കോട്ടുകര നിവാസികൾ ദൂരെ സ്ഥലങ്ങളിൽ നിന്നും വെള്ളം ശേഖരിക്കേണ്ട അവസ്ഥയായിരുന്നു.
ജലം ലഭിക്കാത്തതിനാൽ അങ്കണവാടിയുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. വെള്ളം കിട്ടുന്നില്ലെങ്കിലും വാട്ടർബിൽ മുടങ്ങാതെ ലഭിച്ചിരുന്നു. കുടിവെള്ളത്തിനായി എം.എൽ.എക്കും പഞ്ചായത്തിലും വാട്ടർഅതോറിട്ടിക്കും പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ജലഅതോറിട്ടി വ്യക്തമാക്കിയെങ്കിലും അറ്റകുറ്റപണികൾ നീണ്ടു. മുളക്കോട്ടുകരയിലെ കുടിവെള്ളപ്രശ്നവും നാട്ടുകാർ അനുഭവിക്കുന്ന ദുരിതവും ചൂണ്ടിക്കാട്ടി രണ്ടുപ്രാവശ്യം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദും മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജു, വാട്ടർഅതോറിട്ടിയും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെട്ട് ലൈനിലെ ചോർച്ചക്ക് പരിഹാരം കാണുകയായിരുന്നു.
പൈപ്പ് പൊട്ടലും
കുടിവെള്ള പ്രശ്നം നിലനിൽക്കുമ്പോഴും പഞ്ചായത്തിലെ മിക്കഭാഗത്തും പൈപ്പ് ലൈൻ പൊട്ടിയൊഴുകുന്നത് പതിവാണ്.
അരനൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഇവയെല്ലാം. പൈപ്പ് പൊട്ടിയാൽ നന്നാക്കുന്നില്ലെന്നും പൊട്ടിയഭാഗം നന്നാക്കുമ്പോൾ മറു ഭാഗങ്ങൾ വീണ്ടും പൊട്ടുന്നതായും നാട്ടുകാർ പറയുന്നു.