a

പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ തൊഴിൽമർദ്ദത്തിന്റെയും അവഗണനയുടേയും ഇരകളാണ്. തുച്ഛമായ തുകയ്ക്ക് അമിതഭാരം ചുമക്കുന്ന ഇവരാരും വിദ്യാഭ്യാസമില്ലാത്തവരോ തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിയാത്തവരോ അല്ല, പ്രതികരിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ജോലി തെറിക്കുമോ എന്ന ഭയത്തിലാണ് പലരും സമ്മർദ്ദങ്ങളുടെ കയ്പുനീർ കുടിക്കുന്നത്.

തീക്കനലിനു മേലെ

പത്മാസനം

സെയിൽസിൽ ഉള്ളവരെ ബ്രാഞ്ചിനകത്ത് പോലും കയറ്റാറില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് തലസ്ഥാനത്തെ ഒരു സ്വകാര്യ ബാങ്കിൽ ജോലിചെയ്യുന്ന 33 കാരനാണ്. മഴയാണെങ്കിലും വെയിലാണെങ്കിലും ഇവർ ഫീൽഡിലിറങ്ങിയേ പറ്റൂ.

ഫീൽഡിലുള്ള ജീവനക്കാരന്റെ ലൈവ് ലൊക്കേഷൻ വരെ മോണിറ്റർ ചെയ്യും. കടുത്ത വെയിലിലെ ഓട്ടത്തിനിടയിൽ വെള്ളം കുടിച്ച് ഒരു മരത്തണലിൽ 15 മിനിട്ട് ചെലവഴിച്ച ജീവനക്കാരന്റെ ഫോണിലേക്ക് കോൾ വന്നു. '15 മിനിട്ടായല്ലോ ഒരേസ്ഥലത്ത് ? കസ്റ്റമറെ കാണേണ്ടേ? " എന്തിനാണ് ജീവിക്കുന്നതെന്ന് പോലും തോന്നിയ നിമിഷമായിരുന്നു അതെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു.

പുതിയ കാലത്ത് 75 ശതമാനം സെയിൽസിലാണ് ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാങ്ക് കസ്റ്റമേഴ്സിനെ ഇൻഷ്വറൻസിൽ ചേർക്കാനുള്ള സമ്മർദ്ദം ജീവനക്കാർക്ക് മേലാണ്. സെയിൽസ് കുറഞ്ഞാൽ നടപടി, സമയപരിധിയില്ലാതെ ജോലി, രാത്രി എട്ടുമണി മുതൽ ആരംഭിക്കുന്ന കോൺഫറൻസ് കോളുകൾ, റിവ്യൂ മീറ്റിംഗുകൾ, സൂം മീറ്റിംഗ് അങ്ങനെ പലതും. പല മീറ്റിംഗുകളും രണ്ടുമണിക്കൂറോളം നീളാറുണ്ട്. ഇതെല്ലാം ഓഫീസ് സമയത്തിന് ശേഷമാണെന്നോർക്കണം. പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ശമ്പളം.

ബിഗ് ഡേയുടെ
ബിഗ് പീഡനം

എല്ലാ ബാങ്കിലും ഓരോ ദിവസവും സോഷ്യൽ സെക്യൂരിറ്റി സ്കീം മുതൽ ഇൻഷ്വറൻസുകൾ വരെ ഏതെങ്കിലും ഒരു പ്രോഡക്ടിന്റെ ബിഗ് ഡേ ആയിരിക്കും. രണ്ട് - മൂന്ന് മണിക്കൂർ ഇടവിട്ട് സ്റ്റാറ്റസ് മുകളിലുള്ളവർ ചോദിക്കും. ബിസിനസ് പിടിക്കാത്തവരെ വൈകിട്ടത്തെ മീറ്റിംഗിൽ എയറിൽ നിറുത്തുമെന്ന് ജീവനക്കാർ പറയുന്നു. സെയിൽസ് കൂട്ടാൻ ഓഫിനും അവധിക്കുമൊക്കെ ജോലി ചെയ്യേണ്ടിവരുന്നതും കുടുംബവുമൊത്തുള്ള സമയങ്ങൾ നഷ്ടമാവുന്നതും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായി ജീവനക്കാർ പറയുന്നു.

വെള്ളിക്കും തിങ്കളിനുമിടയിൽ

ദിവസം രണ്ടല്ലേയുള്ളൂ!

ശനിയും ഞായറും ‌ജോലി ചെയ്യേണ്ടെന്ന് പറയുന്ന മേലധികാരി വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഏൽപ്പിക്കുന്ന ജോലിയുടെ ഡെഡ്ലൈൻ തിങ്കൾ! ഡിസൈനറായ ചെറുപ്പക്കാരന്റെ ആത്മഗതം - 'വെള്ളിയ്ക്കും തിങ്കളിനുമിടയിൽ ശനിയും ഞായറുമല്ലേയുള്ളൂ ?"

ജോലി കഴിഞ്ഞ് രാത്രി എട്ടരയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാനൊരുങ്ങവേ അതാ വരുന്നു, ധൃതിയിലൊരു അസൈൻമെന്റ്! അത് തീരുമ്പോൾ രാത്രി ഒരുമണി! ആഴ്ചയിൽ നാലുദിവസം വരെ ഇങ്ങനെ ജോലിചെയ്ത അനുഭവം പങ്കുവച്ചത് മറ്റൊരു ഡിസൈനർ!

കമ്പനിയുടെ മൂന്ന് സ്ഥാപകരുണ്ടാവും. ഒരാളായിരിക്കും പ്രധാനി. അദ്ദേഹം അടുത്ത ഒരു മാസത്തേക്ക് ചെയ്യാനുള്ള ജോലികൾ അസൈൻ ചെയ്യും. ആ ജോലികൾ പകുതിയാകുമ്പോഴേക്കും അതാ വരുന്നു.. പങ്കാളികളായ സ്ഥാപകർ. അവർ വേറെ ജോലികൾ തലയിൽ വച്ചുകൊടുക്കും. പ്രോജക്ട് തീർക്കാൻ ചക്രശ്വാസം വലിക്കുന്നതിനിടയിൽ പ്രധാന അസൈൻമെന്റിന്റെ ഉടമ കണ്ണുരുട്ടിക്കൊണ്ട് പ്രത്യക്ഷപ്പെടും. എന്തുകൊണ്ട് ഏൽപ്പിച്ച പണി തീർത്തില്ല? പിന്നീടുവന്ന ജോലികളെക്കുറിച്ച് വ്യക്തമാക്കിയാലും കേൾക്കാൻ കൂട്ടാക്കില്ലെന്ന് മാത്രമല്ല, രണ്ടാമത് ഏറ്റെടുത്തവ ചെയ്തജോലികളുടെ കണക്കിൽപ്പെടുത്തുകയുമില്ല.

ചെയ്ത ജോലി

പൊളിക്കുമ്പോൾ

ഒരു മാസമെടുത്ത് സംതൃപ്തിയോടെ പൂർത്തിയാക്കിയ ഡിസൈൻ പൊളിക്കാൻ പറയുന്നത് ഡിസൈനിന്റെ ബാലപാഠം പോലുമറിയാത്ത ടീം ലീഡർ! ഇതുവേണ്ട മറ്റൊന്ന് ശരിയാക്കാൻ പറയുമ്പോൾ ഒരുമാസം ചെയ്ത ജോലി കണക്കിൽ വരുന്നില്ലെന്നതാണ് തീവ്രമായ വേദനയെന്ന് പറഞ്ഞത് വമ്പൻ കമ്പനികൾക്കായി ഡിസൈനിംഗ് ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.

ലീവെടുത്ത് കുടുംബവുമൊത്ത് ചെലവഴിക്കുന്ന നേരത്ത് മേലധികാരിയുടെ ഫോൺകോൾ കണ്ടാൽ വെപ്രാളമാണെന്ന് പറഞ്ഞത് പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന മുപ്പതുകാരനാണ്. ആ അവധിയുടെ സന്തോഷം മുഴുവൻ കെടുത്തുന്ന സംസാരമാവും ഫോണിലൂടെ ഒഴുകിയെത്തുന്നത്.

വിവാഹം

മാറ്റിവയ്ക്കാമോ!

വിവാഹം നിശ്ചയിച്ച വാർത്തയുടെ സന്തോഷം പങ്കിടാൻ ബോസിന് മധുരവുമായി എത്തിയ മറ്റൊരു ഡിസൈനറെ കാത്തിരുന്നത് ആശംസയല്ല, വിവാഹത്തീയതി മാറ്റിവച്ചുകൂടേ എന്ന ആവശ്യമായിരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ കമ്പനിക്ക് സെയിൽ കൂടുന്നതിനാൽ അയാൾ ലീവെടുക്കുന്നത് പ്രശ്നമാകുമത്രേ! മറുപടിയില്ലാതെ തരിച്ചുനിന്ന സുഹൃത്തിന്റെ ദയനീയാവസ്ഥയ്ക്ക് സാക്ഷിയായ മറ്റൊരു ചെറുപ്പക്കാരനാണ് ഈ കഥ പറഞ്ഞത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ അച്ഛനെ ശുശ്രൂഷിക്കാൻ ലീവെടുത്തയാൾക്കും ഇതേ കമ്പനിയിൽനിന്ന് ദുരനുഭവം നേരിടേണ്ടി വന്നു. മേധാവി അറിയിച്ചു, അച്ഛന് സുഖമില്ലാതിരിക്കുകയല്ലേ, ലീവെടുത്തോളൂ, പക്ഷേ ശമ്പളമില്ല!

സീനിയർക്ക്

ക്ഷീണമാവാം

തലസ്ഥാനത്തെ ഒരു സ്വകാര്യ കമ്പനിയിലെ സ്ഥിതി മറ്റൊന്നാണ്. അൽപ്പം മുതിർന്നെന്ന് തോന്നിയാൽ ജീവനക്കാർക്ക് വിശ്രമമാണ്. ടീം അംഗങ്ങൾ പണിയെടുക്കുക, ഞാൻ വിശ്രമിക്കട്ടെ എന്നതാണ് നയം. കഠിനമായി ജോലിചെയ്യുന്ന അംഗങ്ങൾക്ക് ഓഫീസിൽനിന്ന് വൈകി മാത്രമേ മടങ്ങാനാകൂ എന്ന് മാത്രമല്ല, ഡ്യൂട്ടി സമയത്തിന് മുൻപേ ഓഫീസിലെത്തേണ്ടിയും വരുന്നു! പത്തും പതിനഞ്ചും നിലകയറി നിർമ്മാണ ജോലികൾ വിലയിരുത്തുന്ന സിവിൽ എൻജിനീയറുടെ ശമ്പളം പതിനായിരത്തിൽ താഴെ! കൺസ്ട്രക്ഷൻ രംഗത്ത് നിൽക്കുന്ന മറ്റൊരു കമ്പനിയിൽ ഡ്രോയിംഗ് വർക്കുകൾക്കായി പുലർച്ചെതന്നെ ഓഫീസിലെത്താറുണ്ടെന്ന് പറയുന്നു 27 കാരിയായ യുവതി.

രാവിലെയും വൈകിട്ടും 10 മിനിട്ട് മാത്രമാണ് ഫോൺ ഉപയോഗത്തിന് അനുമതി. സഹപ്രവർത്തക‌ർ തമ്മിൽ സംസാരിക്കാൻ പോലും അനുവാദമില്ല. മുഖത്തോടു മുഖം നോക്കാൻ കഴുത്ത് തിരിക്കാൻ നേരമില്ലാത്ത സ്ഥിതിക്ക് സംസാരിക്കാൻ അവസരം കിട്ടിയിട്ടെന്തു കാര്യമെന്ന് ആത്മഗതവും ആ യുവതിയുടേതുതന്നെ !

ബോക്സ്

പണിയെടുക്കാതെ
ക്രെഡിറ്റെടുക്കുന്നവർ

ഇന്ത്യയിൽ കോർപ്പറേറ്റ് ഭീമന്റെ കമ്പനിയിൽ ജോലിചെയ്തിരുന്ന അതിസമർത്ഥനായ ഡിസൈനറെ സമ്മർദ്ദത്തിലാക്കുന്നത് പതിനാറ് മണിക്കൂർ ജോലിയല്ല, പണിയെടുക്കാതെ കറങ്ങിനടന്ന് തന്റെ ജോലിയുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന മാനേജറാണ്. പ്രോഡക്ട് ഗംഭീരമായി ലോഞ്ച് ചെയ്തുകഴിയുമ്പോൾ വേലക്കള്ളനായ മാനേജറുടെ പേര് മാത്രമേ പുറത്തുവരൂ. ഉച്ചയ്ക്ക് ഓഫീസിൽ കയറിവരുന്ന ഇയാൾ രാത്രിവരെ ഓഫീസിലിരിക്കും. ഉടമകൾ നോക്കുമ്പോൾ മാനേജർ രാത്രി ഒൻപതിനും ഓഫീസിലുണ്ട്. അതിരാവിലെ ഓഫീസിലെത്തി രാത്രി എട്ടുമണിവരെ കഠിനമായി ജോലി ചെയ്യുന്നവർ ആരായി!. ടീമിലെ വേലക്കള്ളന്മാർ മാനേജറെ മണിയടിച്ച് ശമ്പളവർദ്ധന നേടിയെടുക്കുന്നതും മനസ് മടുപ്പിച്ചതായി യുവാവ് പറയുന്നു.

( തുടരും )