
വിതുര: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലനേതാവും റിട്ട. ഏജീസ് ഒാഫീസ് ഉദ്യോഗസ്ഥനുമായ വിതുര തള്ളച്ചിറ വാറുവിളാകത്ത് വീട്ടിൽ പി.രാമചന്ദ്രൻനായർ(83) ഇനി അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ജീവിക്കും. മരിച്ചാൽ കണ്ണുകൾ തിരുവനന്തപുരം നേത്രബാങ്കിന് നൽകുന്നതിനും, മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനും നൽകാൻ രാമചന്ദ്രൻനായർ വർഷങ്ങൾക്ക് മുമ്പ് സമ്മതപത്രം നൽകിയിരുന്നു.
ഇന്നലെ രാവിലെയാണ് രാമചന്ദ്രൻനായർ വിടവാങ്ങിയത്. വൈകിട്ട് മൂന്നരയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ അനാട്ടമിവിഭാഗത്തിൽ നൽകി. ഭാര്യ. ആർ.പത്മാക്ഷിഅമ്മ. കെ.എസ്.ആർ.ടിസി വിതുര ഡിപ്പോയിലെ കണ്ടക്ടറും, സി.ഐ.ടി.യു നേതാവും, വിതുര ഗവ. ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റുമായ ആർ.രവിബാലൻ മകനാണ്. മറ്റുമക്കൾ: പരേതനായ രാധാകൃഷ്ണൻനായർ, ശശികുമാർ, മൃദുലകുമാരി. മരുമക്കൾ: എസ്. രതികകുമാരി, കുമാരി.പി.സുജിത, എസ്.സുനിൽകുമാർ (സെക്ഷൻഫോറസ്റ്റ് ഒാഫീസർ അച്ചൻകോവിൽ) എൽ.രമ്യ(എൽ.ഡി.സി മഞ്ചേരികോടതി.). രാമചന്ദ്രൻനായരുടെ നിര്യാണത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, അടൂർപ്രകാശ് എം.പി, എം.എൽ.എമാരായ ജി.സ്റ്റീഫൻ, ഡി.കെ.മുരളി, സി.പി.എം ജില്ലാസെക്രട്ടറി വി. ജോയി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, വിതുരപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് തുടങ്ങിയവർ അനുശോചിച്ചു.