kattinpuram-mamam-road

ആറ്റിങ്ങൽ: രാമച്ചംവിള - കാട്ടുംപുറം റോഡിൽ വാട്ടർ അതോറിട്ടി പൈപ്പിടാനെടുത്ത കുഴി നികത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പൈപ്പിന് കുഴിയെടുത്ത ഭാഗത്ത് മെറ്റൽ നിരത്തിയിരിക്കുകയാണിപ്പോൾ. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ രാമച്ചംവിളയിൽ നിന്ന് കാട്ടുംപുറം വഴി ദേശീയപാതയിലെ മാമത്തേക്ക് പോകുന്ന റോഡിലാണ് ഈ ദുരിതം. ആറ് മാസം മുമ്പാണ് തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാനുള്ള പൈപ്പ് ഇടുന്നതിനായി റോഡിന്റെ ഇടതുവശം ആഴത്തിൽ കുഴിച്ചത്. ടാറും കോൺക്രീറ്റുമെല്ലാം പൊട്ടിച്ചാണ് കുഴിയെടുത്തത്. ഉടൻതന്നെ റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് അതേ അവസ്ഥയിൽ തുടരുകയാണ്. നിരവധി തവണ പരാതികളുമായി നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്നാണ് കുഴിയിലിട്ട മണ്ണ് യന്ത്രമുപയോഗിച്ചുറപ്പിച്ചത്. എന്നാൽ അതിനുശേഷം പണികളൊന്നും നടക്കാത്തതിനെത്തുടർന്ന് വീണ്ടും പരാതി ഉയർന്നപ്പോൾ രണ്ടാഴ്ച മുൻപ് കുഴികൾക്ക് മുകളിലും റോഡിലുമായി വലിയ മെറ്റൽ നിരത്തിയിട്ടു. ഇതും പൂർത്തിയായിട്ടില്ല. പലയിടങ്ങളും ഇപ്പോഴും കുഴിയായിക്കിടക്കുകയാണ്. കയറ്റിറക്കങ്ങളുള്ള റോഡിൽ എതിർദിശയിൽ വാഹനം വന്നാൽ കടന്നുപോകാൻ നിലവിൽ കഴിയാത്ത സാഹചര്യമാണ്.

അപകടങ്ങളും പതിവാകുന്നു

ഇരുചക്രവാഹനങ്ങൾ മെറ്റലിൽക്കയറി തെന്നിവീഴുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം മെറ്റലിൽക്കയറി നിയന്ത്രണംവിട്ട ബൈക്ക് കാൽനടയാത്രക്കാരിയെ ഇടിച്ചിട്ടിരുന്നു. യാത്രക്കാരിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. നിരവധി വാഹനങ്ങളാണ് നിത്യവും ഈ റോഡ് വഴി കടന്നുപോകുന്നത്. റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ സ്‌കൂൾബസുകൾക്ക് ഈ റോഡിലൂടെ കടന്നുപോവാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

അടിയന്തര ഇടപെടൽ വേണം

ആറ്റിങ്ങൽ നഗരസഭയിലൂടെയും കിഴുവിലം പഞ്ചായത്തിലൂടെയുമാണ് 5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കടന്നുപോകുന്നത്. ചിറയിൻകീഴ് ഭാഗത്തുനിന്ന് വരുന്നവർക്ക് ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ മാമത്തെത്താനുള്ള എളുപ്പവഴിയാണിത്. ധാരാളം സ്വകാര്യവാഹനങ്ങൾ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. റോഡ് പൂർവസ്ഥിതിയിലാവാനുള്ള അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.