തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഗാന്ധിപാർക്ക് നവീകരണം നീളുന്നു. 1.8 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പാർക്ക് ആഗസ്റ്റിന് മുൻപ് പണി പൂർത്തിയാക്കുമെന്നാണ് സ്മാർട്ട് സിറ്റി മിഷനും നഗരസഭയും ഉറപ്പ് നൽകിയിരുന്നത്.എന്നാൽ പുതിയ മതിൽ നിർമ്മിച്ച് പാത്ത്‌വേയിൽ ടൈലിട്ടതൊഴിച്ചാൽ പദ്ധതിയിൽ പറഞ്ഞിരുന്നതൊന്നും നടപ്പിലായില്ല.
ഏപ്രിലിൽ തുടങ്ങിയ പണി ജൂണിൽ തീർക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.പിന്നീട് ആഗസ്റ്റ് 15നകം ആദ്യഘട്ടവും ആഗസ്റ്റ് അവസാനത്തോടെ രണ്ടാംഘട്ടവും പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. തകർന്ന മതിൽ പുനർനിർമ്മിക്കൽ,ഗാന്ധി പ്രതിമയുടെയും തണൽ മരങ്ങളുടെയും ചുറ്റുവട്ടമൊരുക്കൽ,ഓപ്പൺ ഓഡിറ്റോറിയം നവീകരിക്കൽ എന്നിവയും ഇരിപ്പിടങ്ങളോടുചേർന്നുള്ള പാത്ത്‌വേയിൽ ടൈലിട്ട് ഉറപ്പിക്കലുമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നും കരാറുകാരൻ പറഞ്ഞു.
പണികൾക്കായി നേരത്തെ പാർക്കിംഗിന് വിലക്കേർപ്പെടുത്തിയത് ചാലയിലെ വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഓണക്കാലത്തോട് അനുബന്ധിച്ചാണ് പാർക്കിംഗ് വീണ്ടും അനുവദിച്ചത്.പാർക്കിനുചുറ്റും നാലടി പൊക്കത്തിൽ മതിൽകെട്ടി ഉയർത്തിയതും വിവാദത്തിലായിട്ടുണ്ട്. ചാല മാർക്കറ്റിൽ നിന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം കാണാൻ കഴിഞ്ഞിരുന്നത് മതിൽകെട്ടി ഉയർത്തിയതിനാൽ ഇപ്പോൾ കാണാൻ കഴിയുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ
പാർക്കിംഗ് ഏരിയാ തിരിച്ചുള്ള നടപ്പാത
കുട്ടികൾക്കുള്ള കളിസ്ഥലം
സ്നാക്സ് കോർണർ
എക്സിബിഷൻ കോർണർ
ഗാന്ധിജിയുടെ ചരിത്രം ത്രീഡി രൂപത്തിൽ രേഖപ്പെടുത്തൽ
ലൈറ്റുകൾ സജ്ജമാക്കൽ
കണ്ണട പാത്ത്‌വേ ഇല്ല
പൊതുജനങ്ങൾക്ക് നടക്കാനായി ഗാന്ധിജിയുടെ കണ്ണാടിയുടെ മാതൃകയിൽ പാത്ത്‌വേ നിർമ്മിക്കാനായിരുന്നു നേരത്തെയുള്ള പദ്ധതി.എന്നാൽ,അതിപ്പോൾ ഉപേക്ഷിച്ച മട്ടാണ്. അങ്ങനെ നിർമ്മിക്കണമെങ്കിൽ പാർക്കിലെ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും അത് പാർക്കിന്റെ ഭംഗിയില്ലാതാക്കുമെന്നും അധികൃതർ പറയുന്നു.
ടോയ്‌ലെറ്റ് സമുച്ചയവും ഔട്ട്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്,ചാല മാർക്കറ്റ് എന്നിവിടങ്ങളിലേക്കടക്കം ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാൽ ഗാന്ധിപാർക്കിനോടു ചേർന്ന് ടോയ്‌ലെറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് പദ്ധതിയിട്ടിരുന്നെങ്കിലും അത് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.ടോയ്ലെറ്റ് സമുച്ചയം പാർക്കിനുള്ളിൽ സ്ഥാപിച്ചാൽ പാർക്കിന്റെ മനോഹാരിതയെ ബാധിക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സൗത്ത് ബസ് സ്റ്റാൻഡിനോടു ചേർന്ന് ടോയ്‌ലെറ്റ് സമുച്ചയം നിർമ്മിക്കാനാണ് പുതിയ നീക്കം.