a

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കിടാരി പാർക്ക് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. റോഡിന്റെ ശോചനീയാവസ്ഥമൂലം ഇവിടെയുണ്ടായിരുന്ന 70 ശതമാനം കച്ചവടക്കാരും കച്ചവടം ഉപേക്ഷിച്ചു. 200 ഓളം പശുക്കൾ ഉണ്ടായിരുന്ന സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ കിടാരി പാർക്ക് ദുരിതങ്ങളുടെ നടുവിലാണിന്ന്. പരാതി പറയുമ്പോൾ മുടന്തൻ ന്യായങ്ങൾ പറയുന്ന ഭരണാധികാരികൾ ഈ റോഡിന്റെ ദുരവസ്ഥയും അറിയേണ്ടതുണ്ട്. തൊഴിലാളികളുൾപ്പെടെ ഇവിടെ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവഴി നിരന്തരം ഇരുചക്രവാഹനങ്ങളുൾപ്പെടെ കടന്നു പോകുന്നെങ്കിലും റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. അതോടൊപ്പം സ്ഥിരമായി യാത്രചെയ്യുന്ന ഇരുചക്ര വാഹനയാത്രികർക്ക് നട്ടെല്ല് വേദനയും അനുഭവപ്പെടുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽകിയെങ്കിലും നാളിതുവരെ നടപടികളൊന്നും ഉണ്ടായില്ല.