നടപടി കേരള കൗമുദി വാർത്തയെത്തുടർന്ന്
തിരുവനന്തപുരം: കുര്യാത്തി വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തെ റോഡിലെ മാലിന്യമല നീക്കം ചെയ്തു തുടങ്ങി.ഇന്നലെ ഇതിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന പ്ളാസ്റ്റിക്ക് മാലിന്യം എല്ലാം മാറ്റി.മാലിന്യമലയെ പറ്റിയുള്ള കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി.നഗരസഭ ചാല ഹെൽത്ത് സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ജെ.സി.ബി ഉൾപ്പെടെ എത്തിച്ചായിരുന്നു ജോലികൾ. രാവിലെ ആരംഭിച്ച ജോലി വൈകിട്ടാണ് അവസാനിച്ചത്.ഒരു ടണ്ണിലധികം മാലിന്യമാണ് ഉണ്ടായിരുന്നത്.
തരം തിരിച്ചെടുത്ത പ്ളാസ്റ്റിക്ക് മാലിന്യം ഇന്നലെ അട്ടക്കുളങ്ങരയിലുള്ള നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ സെന്ററിലെത്തിച്ചു. ഇവിടെനിന്ന് വൃത്തിയാക്കി ക്ളീൻ കേരള കമ്പനിക്ക് നൽകും.അജൈവ മാലിന്യം സ്ഥലത്തിന്റെ ഉടമയായ ട്രിഡ,സ്മാർട്ട് സിറ്റി എന്നിവരുമായുള്ള ചർച്ചയ്ക്കുശേഷം സംസ്കരിക്കും. ഇന്നലെ ഇതുസംബന്ധിച്ച് നഗരസഭയിൽ അവലോകനയോഗവും ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി മാലിന്യം സംസ്കരണത്തിന് നഗരസഭ ട്രിഡയ്ക്ക് കത്ത് നൽകും.അത് പരിശോധിച്ച് ആവശ്യമായ നടപടികൾ വേഗത്തിലെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മാലിന്യമിട്ടാൽ പിടി വീഴും
ദുർഗന്ധം വരാതിരിക്കാൻ ബ്ളീച്ചിംഗ് പൗഡറും കെമിക്കൽ ലായനികളും വിതറി.ഇനി മാലിന്യമിടാതിരിക്കാൻ വേണ്ടി സ്ഥലത്തിന് ചുറ്റും താത്കാലിക വേലി സ്ഥാപിച്ചു.കൂടാതെ 24 മണിക്കൂർ നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.രാത്രി സമയത്ത് നിരീക്ഷണം ശക്തമാക്കും.മാലിന്യമിട്ടാൽ വൻ തുക പിഴയീടാക്കുമെന്നും പൊലീസ് കേസുൾപ്പെടെ രജിസ്റ്റർ ചെയ്യുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
ആഹാരം പോലും കഴിക്കാൻ സാധിക്കില്ലെന്ന്
മാലിന്യമല കാരണം ഏറ്റവും ദുരിതം അനുഭവിക്കുന്നത് സമീപമുള്ള കുര്യാത്തി വാട്ടർ അതോറിട്ടി സെക്ഷനിലെ ജീവനക്കാരാണ്.രണ്ട് നിലയുള്ള ഓഫീസിൽ 50ഓളം ജീവനക്കാരും ഉദ്യോഗസ്ഥരുമുണ്ട്. മാലിന്യത്തിന്റെ അസഹനീയമായ ദുർഗന്ധം കാരണം ഓഫീസിലിരുന്ന് ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഇവർ പറഞ്ഞു. കൂടാതെ മാലിന്യത്തിൽ വട്ടംചുറ്റുന്ന ഈച്ചകളും ഓഫീസ് പരിസരത്തുണ്ട്. ഇതുകാരണം ഓഫീസിലിരുന്ന് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്.പലരും പുറത്തുപോയാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ സുഗന്ധമുള്ള ചന്ദനത്തിരികൾ കത്തിച്ചുവച്ചാണ് ദുർഗന്ധം തത്കാലം അകറ്റുന്നതെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.