1

തിരുവനന്തപുരം: നഗരത്തിൽ സിഗ്നൽ ലൈറ്റുകളും ക്യാമറുകളും സ്ഥാപിച്ച സ്ഥലങ്ങളിലെ റോഡുകൾ വീണ്ടും കുഴിച്ച് പണി തുടങ്ങി സ്മാർട്ട് സിറ്റി അധികൃതർ.സ്ഥാപിച്ചവ തകരാറിലായതോടെയാണ് റോഡ് കുഴിച്ച് വീണ്ടും പണി നടത്തുന്നത്. വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിന്റെ ഇരുവശത്തും റോഡ് കുഴിച്ച് പണി നടത്തിയെങ്കിലും മഞ്ഞ ലൈറ്റ് മാത്രമാണ് കത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

ക്യാമറയും സിഗ്നൽലൈറ്റും സ്ഥാപിച്ച് റോഡ് നവീകരണം പൂർത്തിയാക്കിയതിനു ശേഷമാണ് ലൈറ്റ് വീണ്ടും തകരാറിലായത്. മഞ്ഞ ലൈറ്റ് മാത്രം കത്തുകയും ചുവപ്പും പച്ചയും കത്താതിരിക്കുകയും ചെയ്തതോടെയാണ് ഉപ്പിടാംമൂട് ഓവർബ്രിഡ്ജിന് ഇരുവശത്തുമുള്ള റോഡ് പൊളിച്ചത്. ഞായറാഴ്ച രാത്രി ഇവിടുത്തെ പണി പൂർത്തിയാക്കി മെറ്റൽ നിരത്തി കുഴി മൂടിയെങ്കിലും ലൈറ്റ് കത്തുന്നത് പഴയപടി തന്നെയെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇതുപോലെ അട്ടക്കുളങ്ങര,എ.കെ.ജി സെന്ററിന് മുൻവശം,പട്ടം എന്നിവിടങ്ങളിലും സിഗ്നൽ ലൈറ്റുകൾ പല രീതിയിലാണ് പ്രവർത്തിക്കുന്നത്.സിഗ്നലുകളിലെ സെറ്റിംഗിലുള്ള തകരാറാണ് പ്രശ്നത്തിന് കാരണം. സ്റ്റാച്യു പുളിമൂട് ഭാഗത്തുനിന്ന് പ്രസ് ക്ലബിലേക്കു തിരിയുന്നിടത്ത് പച്ച ലൈറ്റ് കത്തുന്നത് ഏതാനും സെക്കൻഡുകൾ നേരത്തേക്ക് മാത്രമാണെന്നും പരാതിയുണ്ട്.