1

പൂവാർ: കൈയേറ്റവും മാലിന്യ നിക്ഷേപവും ആവശ്യത്തിന് പരിചരണവും ഇല്ലാത്തതു കാരണം ചരിത്ര ശേഷിപ്പുകളിലൊന്നായ എ.വി.എം കനാൽ വിസ്മൃതിയിലേക്ക്. ടൂറിസം രംഗത്ത് അനുദിനം വളരുന്ന പൂവാറിൽ ആരും തിരിഞ്ഞുനോക്കാതെ നശിക്കുകയാണ് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ. കനാൽ കടന്നുപോകുന്ന പൂവാർ, കുളത്തൂർ ഗ്രാമപഞ്ചായത്ത് മേഖലകളാണ് കേരളത്തിന്റെതായുള്ളത്. ഇവിടം കേന്ദ്രീകരിച്ച് കൈയേറ്റവും വ്യാപകമാകുന്നെന്നാണ് പരാതി. ഒപ്പം കനാൽ കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപവും രൂക്ഷം. 20 മീറ്റർ വീതിയുണ്ടായിരുന്ന കനാലിന് ഇപ്പോൾ പല സ്ഥലങ്ങളിലും 5 മീറ്റർ പോലുമില്ല. എ.വി.എം കനാൽ മാലിന്യ മുക്തമാക്കണമെന്നും കനാലിനെ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.

കനാൽ നിർമ്മിച്ചിരിക്കുന്നത്......... കന്യാകുമാരി മുതൽ കോവളം വരെ

പൂർണമായും ഇല്ലാതായത്....... കോവളം മുതൽ പൂവാർ വരെയുള്ള ഭാഗം

ചരിത്രത്തിലൂടെ...

1860ൽ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ സ്വർണ തൂമ്പയാൽ തുടക്കം കുറിച്ചതാണ് എ.വി.എം കനാൽ നിർമ്മാണം. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിച്ച് വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പൂർണമായും മനുഷ്യനിർമ്മിതം. അനന്ത പത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും പേരുകൾ (എ.വി.എം) ചേർത്തായിരുന്നു നാമകരണം. ഒന്നാം ഘട്ടമായി തമിഴ്നാടിന്റെ ഭാഗമായ കുളച്ചൽ വരെയും രണ്ടാംഘട്ടമായി കന്യാകുമാരി വരെയുമാണ് കനാൽ നിർമ്മിച്ചത്. പൂവാർ, പൊഴിയൂർ, കൊല്ലംങ്കോട്, തേങ്ങാപ്പട്ടണം, കുളച്ചൽ, മണ്ടയ്ക്കാട്, പുത്തൂർ വഴി കന്യാകുമാരിയിലേക്കാണ് പാത കടന്നു പോയിരുന്നത്. തൂത്തുക്കുടിയിൽ നിന്ന് ഉപ്പും, നാഞ്ചിനാട്ടിൽ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറിൽ എത്തിച്ചിരുന്നത് ഈ ജലപാതവഴിതന്നെ. രാജഭരണകാലത്തെല്ലാം അയൽനാടുമായി വ്യാപാരബന്ധം നിലനിറുത്തിയതും ചരിത്ര രേഖകളിൽ പറയുന്നു. പിൽക്കാലത്ത് റോഡ് ഗതാഗതം വരികയും വ്യാപാര വ്യവസായ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും കാരണം എ.വി.എം കനാൽ ഉപയോഗമില്ലാതായി.

ടൂറിസത്തിന് സാദ്ധ്യത ഏറെ...

പൂവാറും സമീപ പ്രദേശങ്ങളും ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഇടമായി മാറിയ സാഹചര്യത്തിൽ എ.വി.എം കനാലിനെ നവീകരിച്ച് പൂർവ സ്ഥതിയിലാക്കണമെന്നാണ് പൊതുവായ ആവശ്യം. ഒപ്പം കന്യാകുമാരിയേയും കോവളത്തെയും ബന്ധിപ്പിച്ചുകൊണ്ട് പൂവാറിലേക്ക് ജലയാത്രയും മറ്റും ഒരുക്കിയാൽ ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.