madhu

തിരുവനന്തപുരം: തൂശനിലയിൽ പരിപ്പും സാമ്പാറും കൂട്ടി ചോറ് കഴിച്ചശേഷം മധുസാർ തല ഉയർത്തി നോക്കി. ഉടനെ മകൾ ഉമ അടപ്രഥമൻ നൽകി. പിന്നെ കടലപായസം, സേമ്യ, അമ്പലപ്പുഴ പാൽപായസം. രസവും പുളിശേരിയും കൂട്ടി അല്പം ചോറുകൂടി കഴിച്ചു. ഒരു കവിൾ മോരുകൂടി കഴിച്ച് ഇലമടക്കി. 'സാധാരണ ഇത്രയൊന്നും കഴിക്കാറില്ല. പ്രമേഹമൊന്നുമില്ല, അതുകൊണ്ട് മധുരം ഒഴിവാക്കേണ്ട കാര്യമില്ല.' 91-ാം പിറന്നാൾ ദിനത്തിൽ സദ്യയുണ്ടശേഷം പ്രിയനടൻ മധുവിന്റെ കമന്റ്.

ചെറുമകൻ വിശാഖിനും ഭാര്യ വർഷയ്ക്കുമൊപ്പം സദ്യയുണ്ടപ്പോൾ സമയം വൈകിട്ട് മൂന്നാകാറായി. ജോലിത്തിരക്കിലായിരുന്നു വിശാഖ്. 'എല്ലാവരും ജീവിക്കാൻ വേണ്ടി ജോലി ചെയ്യുമ്പോൾ ഇവൻ ജോലിചെയ്യാൻ വേണ്ടിയാണ് ജീവിക്കുന്നത്' മധുവിന്റെ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചു.

മധുവിന്റെ ആദ്യകാല സിനിമകളിൽ അസിസ്റ്രന്റായി വർക്ക് ചെയ്തിരുന്ന ഡോ.ജയദേവൻ നായർ അപ്പോഴേക്ക് ആശംസയറിക്കാനെത്തി. 'എനിക്കിപ്പോൾ 81 ആയി' എന്ന് ജയദേവൻ. 'കണ്ടാൽ പറയില്ലെന്ന് മധു. പതിവിലും നേരത്തെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇന്നലെ മധു ഉറക്കമെണീറ്റു. അപ്പോഴേക്കും കണ്ണമ്മൂലയിലെ വീട്ടിൽ ആശംസകൾ നേരാനായി നിരവധിപേരെത്തിയിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഫോണിൽ മോഹൻലാലിന്റെ കാൾ. ആശംസയ്ക്ക് നന്ദി അറിയിച്ച് ഫോൺ കട്ട് ചെയ്തപ്പോഴേക്കും മമ്മൂട്ടിയുടെ വിളിയുമെത്തി. മധുവിന്റെ സഹോദരിമാരായ വിജയലക്ഷ്മി, രാജലക്ഷ്മി എന്നിവരും മറ്റ് ബന്ധുക്കളുമടക്കം വീട്ടിൽ എത്തിയിരുന്നു.

സുരേഷ് ഗോപിക്ക്

സ്വർണമോതിരം സമ്മാനിച്ചു

ഉച്ചയ്ക്ക് ഒന്നോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയുമെത്തി കസവുകരയുളള മുണ്ട് മധുവിന്റെ തോളിൽ അണിയിച്ചു. കരുതിയിരുന്ന സ്വർണമോതിരം സുരേഷ്‌ ഗോപിക്ക് മധു സമ്മാനിച്ചു.നക്ഷത്രദിനം വരുന്ന ഒക്ടോബർ അഞ്ചിന് താൻ പിറന്നാൾ സദ്യയൊരുക്കാമെന്ന സുരേഷ്‌ഗോപിയുടെ ആഗ്രഹത്തിന് മധു പുഞ്ചിരിച്ചുകൊണ്ട് അനുവാദം നൽകി.

മധു കേരളകൗമുദിയോട്

വീണ്ടും അഭിനയിക്കാൻ തയ്യാറെടുക്കുന്നുവെന്ന് കേട്ടു?

പറ്റിയ കഥാപാത്രം ലഭിച്ചാൽ വീണ്ടും അഭിനയിക്കും. അതിനായി റിസ്ക് എടുക്കുകയാണെങ്കിൽ അതിന് ഫലംവേണം

മനസിൽ അത്തരമൊരു കഥാപാത്രം ഉണ്ടോ?

അങ്ങനയൊന്നു മനസിൽ വന്നാൽ ഞാൻ തന്നെ ആ സിനിമയൊരുക്കും