
തിരുവനന്തപുരം: ഉന്നത പൊലീസുദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന് പരസ്യമായി പറഞ്ഞിട്ടും പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ കേസെടുത്ത് അന്വേ,ണം നടത്താത്ത പൊലീസ് നടപടി വിവാദമായി.. ഇക്കാര്യത്തിൽ അൻവറിനെതിരേ ഇനിയുംഅന്വേഷണം ആരംഭിച്ചിട്ടില്ല.
ഫോൺ ചോർത്തലിന്റെ ശിക്ഷയേറ്റുവാങ്ങാൻ തയ്യാറാണെന്ന് അൻവർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ തനിക്കു വന്ന ഫോൺവിളികൾ റെക്കാഡ് ചെയ്തതിനപ്പുറം അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. അതേസമയം, പൊലീസിന്റെ ഫോൺചോർത്തൽ സംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ആശങ്കയുമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വന്നാൽ പൊലീസിന്റെ രഹസ്യ ഫോൺചോർത്തൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് ഭയക്കുന്നു. 5വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനധികൃത ഫോൺ ചോർത്തൽ.
ഫോൺ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഗവർണർ, മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞെങ്കിലും ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പരിധിയിൽ ഫോൺ ചോർത്തലില്ല. അൻവർ ഫോൺവിളികൾ റെക്കാഡ് ചെയ്ത് പുറത്തു വിടുന്നതിനെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
രാജ്യദ്രോഹം, കള്ളനോട്ട് കേസുകളുമായി ബന്ധമുള്ളവരുടെ ഫോൺ നിയമാനുസൃതം ചോർത്താം. അനുമതി നൽകുന്നത് പരിശോധിക്കാൻ ചീഫ്സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുണ്ട്. കാരണം വിശദീകരിച്ച് ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം. രണ്ടു മാസത്തേക്കാണ് ആദ്യാനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് നൂറിലേറെ അപേക്ഷ നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. അടിയന്തര സാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെയും ഏഴു ദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ നൂറിൽ താഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്.