doctors

ഉള്ളൂർ: ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ വീണ്ടും വിജയകരമായി പൂർത്തിയാക്കിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് അപൂർവ്വ നേട്ടം. അണ്ടൂർക്കോണം സ്വദേശിയായ 57കാരനാണ് വെൻട്രിക്കുലാർ സ്റ്റെപൽ റപ്ച്ചർ രോഗത്തിന് ചികിത്സ നൽകിയത്. കഠിനമായ ശ്വാസംമുട്ടലിനെ തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയാഘാതമാണെന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. മരുന്നുകളാൽ രക്തസമ്മർദം നിലനിറുത്തിയിരുന്ന രോഗിയിൽ ഹൃദയം തുറക്കാതെ ഹൃദയ ഭിത്തിയിലെ വിള്ളലടയ്ക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം തീരുമാനിക്കുകയും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വിജയകരമായി പൂർത്തിയാക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരികയാണ്. ഒരാഴ്ച മുമ്പ് ഇതേ രോഗം ബാധിച്ച കന്യാകുമാരി സ്വദേശിയായ മറ്റൊരു രോഗിക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു. ഹൃദ്രോഗ വിഭാഗം മേധാവി ഡോ.കെ.ശിവപ്രസാദ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.ശോഭ, ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രവികുമാർ, പ്രൊഫസർമാരായ ഡോ.മാത്യു ഐപ്പ്, ഡോ.സിബു മാത്യു, ഡോ.പ്രവീൺ വേലപ്പൻ, ഡോ.എസ് പ്രിയ, സീനിയർ റെസിഡന്റുമാരായ ഡോ.അമ്പാടി, ഡോ.ഷിൻഗം, അനസ്‌തേഷ്യ വിഭാഗം പ്രൊഫസർ ഡോ.അൻസാർ, കാർഡിയോവസ്‌കുലർ ടെക്നിഷ്യൻമാരായ പ്രജീഷ്, കിഷോർ, അസിം, നേഹ, സുലഭ, അമൽ, കൃഷ്ണപ്രിയ നഴ്സിംഗ് ഓഫീസർമാരായ ധന്യ, സൂസൻ, വിജി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.