
തിരുവനന്തപുരം: സ്വകാര്യ നഴ്സിംഗ് സ്കൂളുകളിലെ ജനറൽ നഴ്സിംഗ് പ്രവേശനത്തിന് സംവരണംപോലും അട്ടിമറിച്ച് തലവരി വാങ്ങി സീറ്റുകൾ കച്ചവടം ചെയ്യുന്നുവെന്ന പരാതിയിൽ കേരള നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്.
അംഗങ്ങളും അദ്ധ്യാപകരും ഉൾപ്പെടെ 10അംഗ സമിതി പരിശോധന നടത്താൻ തീരുമാനിച്ചിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എന്നാൽ പിന്നോട്ടില്ലെന്ന് കൗൺസിൽ അംഗങ്ങൾ. പരിശോധനയ്ക്കുള്ള ഉത്തരവ് കൗൺസിലാണ് നൽകേണ്ടത്. നാളെ കൗൺസിൽ യോഗമുണ്ട്. ഉത്തരവ് നൽകാൻ അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടും. അതിനാൽ, രജിസ്ട്രാർക്ക് ഉത്തരവ് നൽകാതിരിക്കാനാകില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സ്കൂളുകളിൽ നേരിട്ടെത്തിയുള്ള അംഗങ്ങളുടെ പരിശോധന നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സർക്കാർ. പരാതികൾ ലഭിച്ചാൽ കോളേജുകളിൽ നിന്ന് രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ അംഗങ്ങൾക്ക് അധികാരമുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ പോയി പരിശോധിക്കേണ്ടതില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, ബി.എസ്.സി നഴ്സിംഗ് കോളേജുകളിൽ ഈവർഷം പരിശോധനയ്ക്ക് പോകുന്നതിൽ നിന്ന് അംഗങ്ങളെ വിലക്കിയതിന് പിന്നാലെ നഴ്സിംഗ് സ്കൂളുകളിലേക്കും പോകേണ്ടതില്ലെന്ന പിടിവാശിക്ക് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതിനാൽ, നാളെത്തെ യോഗം നിർണായകമാകും.
പ്രവേശനത്തിന് തിരക്ക്
വിദേശതൊഴിൽ സാദ്ധ്യത മുന്നിൽ കണ്ട് നഴ്സിംഗ് പഠനത്തിന് ഡിമാന്റ് കൂടിയതോടെ സ്വകാര്യ കോളേജുകളിലടക്കം പ്രവേശനത്തിന് തിരക്കാണ്. ഇത് മനസിലാക്കിയാണ് ചില മാനേജ്മെന്റുകൾ തലവരിയടക്കം ആവശ്യപ്പെടുന്നത്. ഈവർഷം ഇതുവരെ സർക്കാർ ഏജൻസികളായ നോർക്ക, ഒഡെപെക് എന്നിവയിലൂടെ മാത്രം 1272 നഴ്സുമാരാണ് വിദേശത്തേക്ക് പോയത്. ഇതിന്റെ രണ്ടിരട്ടിയിലധികം സ്വകാര്യ ഏജൻസികളിലൂടെ വിദേശത്തേക്ക് പോകുന്നുണ്ട്.
ഗവ. സ്കൂളുകളിൽ
ക്ലാസ് തുടങ്ങി
സ്വകാര്യ നഴ്സിംഗ് സ്കൂൾ പ്രവേശനത്തെ ചൊല്ലി കലഹം രൂക്ഷമായിരിക്കുന്നതിനിടെ സർക്കാർ സ്കൂളുകളിൽ ക്ലാസുകൾ 18ന് ആരംഭിച്ചു. സാധാരണ സർക്കാർ, സ്വകാര്യ മേഖലയിൽ ഒരുമിച്ചാണ് ക്ലാസ് തുടങ്ങാറുള്ളത്. സ്വകാര്യ നഴ്സിംഗ് സ്കൂളുകളിൽ ക്ളാസ് തുടങ്ങാൻ വൈകുന്നത് പരീക്ഷയെ ഉൾപ്പെടെ സാരമായി ബാധിച്ചേക്കും.
ഡോ.എസ്.സോമനാഥിനും ഡോ.കെ.എം.സുരേശനും സയൻസ് അക്കാഡമി ഫെലോഷിപ്പ്
തിരുവനന്തപുരം:ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥിനും ഐസറിലെ ഡീൻ ഡോ.കെ.എം.സുരേശനും നാഷണൽ സയൻസ് അക്കാഡമി ഫെലോഷിപ്പ്. രാജ്യത്തെ പ്രമുഖരായ 63 മുതിർന്ന ശാസ്ത്രജ്ഞർക്കാണ് ഇത്തവണ ഫെലോഷിപ്പ് നൽകി ആദരിക്കുന്നത്. 2025ജനുവരി ഒന്നുമുതലാണിത് നിലവിൽ വരിക.
ആലപ്പുഴ സ്വദേശിയായ ഡോ.എസ്.സോമനാഥിന് ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിൽ നൽകിയ അമൂല്യസംഭാവനകളും ചന്ദ്രയാൻ 3ന്റെ മഹത്തായ വിജയവും പരിഗണിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്.
കണ്ണൂർ എരമം കാന മീത്തലവീട്ടിൽ ഡോ.സുരേശൻ തിരുവനന്തപുരം ഐസറിലെ സ്കൂൾ ഒഫ് കെമിസ്ട്രിയിലെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് പ്ളാനിംഗ് വിഭാഗം ഡീനും പ്രൊഫസറുമാണ്. സൂപ്പർ മോളിക്യൂലർ കെമിസ്ട്രിയിലും പോളിമർ സയൻസിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫെലോഷിപ്പ്. ജപ്പാനിലെ യാഹിമ സർവ്വകലാശാല, ബ്രിട്ടനിലെ ബാത് യൂണിവേഴ്സിറ്റി,ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009ലാണ് ഐസറിൽ എത്തിയത്.