ko

അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണം

കോവളം: ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പാച്ചല്ലൂർ പൊഴിക്കര തീരത്ത് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. കടൽത്തീരം സംരക്ഷിച്ച് സഞ്ചാരികൾക്കായി വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ളവ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാൽ സ്ഥിരം അപകട മേഖലയായിട്ടു കൂടി ഇവിടെ സുരക്ഷാമുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാസംവിധാനങ്ങളോ ഒരുക്കാൻ സർക്കാർ തയാറായിട്ടില്ല. ലൈഫ് ഗാർഡുകളുടെ സേവനമാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.

പൊഴിക്കരയുടെ സമീപത്ത് ജനവാസമില്ലാത്തതിനാൽ അപകടങ്ങൾ നടന്നാൽ പോലും മണിക്കൂറുകൾ കഴിഞ്ഞാണ് പുറംലോകം അറിയുന്നത്.ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതും അതിസാഹസികമായാണ്.

തിരുവല്ലം - പൂന്തുറ പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ അപകടം നടക്കുമ്പോൾ പൊലീസ് പലപ്പോഴും വൈകിയാണ് എത്താറുള്ളതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.കൊവിഡിനു ശേഷം അധികൃതർ ഇവിടം തിരിഞ്ഞുനോക്കാതായി. ബീച്ച് വൃത്തിയാക്കിയിട്ട് വർഷങ്ങളായതിനാൽ പ്രദേശം മാലിന്യക്കൂമ്പാരമായി കിടക്കുകയാണ്. രാത്രിയായാൽ വെളിച്ചം തീരെ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്.

ബീച്ചിൽ നടപ്പാക്കേണ്ടത്

സഞ്ചാരികൾക്ക് വിശ്രമകേന്ദ്രം

പാർക്കിംഗ് സൗകര്യം

അപകട മുന്നറിയിപ്പ് ബോർഡുകൾ

തെരുവ് വിളക്കുകൾ

പാച്ചല്ലൂർ - പൊഴിക്കര

നെയ്യാറും അറബിക്കടലും ചേരുന്ന പ്രകൃതിരമണീയമായ സ്ഥലം

അപകട മുനമ്പും

കടലും ആറും സംഗമിക്കുന്ന സമുദ്ര തീരം കാണാൻ ഭംഗിയാണെങ്കിലും ഇവിടം അപകട മുനമ്പാണ്.കുളിക്കാനിറങ്ങിയ നിരവധി പേരാണ് ഇവിടെ മുങ്ങിമരിച്ചത്. പൊഴിക്കരയിൽ കുളിക്കാൻ ഇറങ്ങുന്നവരെ പലപ്പോഴും നാട്ടുകാരാണ് പിന്തിരിപ്പിച്ച് അയയ്ക്കുന്നത്.

ശക്തമായ ഒഴുക്ക്

കടലും നദിയും ഒത്തുചേരുന്ന പൊഴിക്കരയിലെത്തുന്നവർ സംഗമസ്ഥലത്ത് കുളിക്കുന്നതാണ് അപകടങ്ങൾക്ക് വഴിതുറക്കുന്നത്. ശക്തമായി ഒഴുകുന്ന കരമനയാർ അവസാനിക്കുന്നത് തിരുവല്ലത്ത് പാർവതി പുത്തനാറിലാണ്. ഇവിടെ നിന്നാണ് പിന്നീട് രണ്ട് ആറുകളും ഒന്നിച്ച് കടലിലേക്ക് ഒഴുകുന്നത്.