
പലോട്: പഞ്ചായത്ത് കമ്മിറ്റിയുടെ മിനിട്‌സ് നല്‍കാത്തതിൽ പ്രതിഷേധിച്ച് പെരിങ്ങമ്മലയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ആറുമാസകാലമായി നടക്കുന്ന പതിനൊന്ന് കമ്മിറ്റിയുടെ മിനിറ്റ്സിന്റെ പകര്‍പ്പുകളാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് അഞ്ച് കമ്മിറ്റിയുടെ പകര്‍പ്പുകള്‍ മാത്രമാണ് സെക്രട്ടറി നല്‍കിയത്. മിനിറ്റ്സിന്റെ എല്ലാപകര്‍പ്പുകളും ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് യു.ഡി.എഫ് അംഗങ്ങള്‍ രാത്രി വൈകിയും സമരം തുടർന്നു. ഓഫീസ് ജീവനക്കാര്‍ മുഴുവന്‍ പോയെങ്കിലും സമരം തുടര്‍ന്നു.
കമ്മിറ്റി നടന്നു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനുള്ളില്‍ മിനിട്സിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ പെരിങ്ങമ്മല പഞ്ചായത്തില്‍ ഇത് പാലിക്കാറില്ല. ഇതില്‍ വ്യാപകമായ ക്രമക്കേട് ഉണ്ടെന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ ആക്ഷേപം. പഞ്ചായത്ത് കമ്മിറ്റികളിലെടുക്കാത്ത പല തീരുമാനങ്ങളും പിന്നീട് എഴുതിചേര്‍ക്കുന്നത് പതിവായതിനാലാണ് മിനിറ്റ്‌സിന്റെ പകര്‍പ്പ് നല്‍കാത്തതെന്ന് സമരക്കാര്‍ ആരോപിച്ചു.
വലിയ ക്രമക്കേടുകളും തിരിമറികളും പുറത്തു വരാതിരിക്കുന്നതിന് വേണ്ടിയിട്ടാണ് മിനിറ്റ്സിന്റെ പകര്‍പ്പ് നല്‍കാത്തതെന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ ആക്ഷേപം. സമരക്കാര്‍ ഇരിക്കെ തന്നെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധു ഓഫീസ് പൂട്ടാതെ പോയി. പുറത്ത് വലിയ പൊലീസ് സന്നാഹമുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗീതാപ്രിജി,പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.എന്‍ അരുണ്‍ കുമാര്‍, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തടത്തില്‍ ഷാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ ഷാജഹാന്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ ഷാനവാസ്, പഞ്ചായത്ത് അംഗങ്ങളായ നസീമാ ഇല്യാസ്, ഭാസുരാംഗി എന്നിവരാണ് സമരം തുടരുന്നത്.