കല്ലമ്പലം: കഴിഞ്ഞ എട്ടു വർഷമായി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഇരുന്നൂറോളം എഴുത്തുകാരുടെ ആശാകേന്ദ്രമായി മൊഴി. പുസ്തക പ്രകാശനം, പുസ്തക ചർച്ച, മറ്റ് സാഹിത്യ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി പ്രതിമാസ പരിപാടികൾ, അഖിലകേരള അടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് കൂട്ടായ്മ, വിവിധതരത്തിലുള്ള സാഹിത്യപ്രവർത്തനങ്ങൾ എന്നിവയാൽ ശ്രദ്ധേയമാണ് മൊഴി.
നിലവിലുള്ള പ്രസാധന സംസ്കാരത്തെ തിരുത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച മൊഴി 22 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. മൊഴിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5ന് ആരംഭിച്ച് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് സമാപിക്കുന്ന ബഷീർ കഥോത്സവവും പുസ്തകോത്സവവും നടന്നുവരുന്നു.
വിദഗ്ദ്ധസമിതി തിരഞ്ഞെടുക്കുന്ന ഒരു കഥയ്ക്ക് 10001 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം 21ന് കായിക്കരയിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വിതരണം ചെയ്യും. കഥാ മത്സരത്തിനായി ലഭിക്കുന്ന കഥകൾ മൊഴി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് മൊഴിയുടെ പ്രസിഡന്റ് മുരളി കൃഷ്ണനും ജനറൽ സെക്രട്ടറി ഇ.കെ. സെയ്ഫുദീനും പറഞ്ഞു.
മൊഴി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 2023ലെ റോയൽറ്റി വിതരണം 27ന് കല്ലമ്പലം ലയൺസ് ക്ലബ് ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് മൊഴി കൂട്ടായ്മയിലെ പങ്കാളിത്തം കവിതാ സമാഹാരമായ മൊഴികവിതകൾ 2ന്റെ പ്രകാശനവും കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. ഇതിനു മുന്നോടിയായി കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.