nadapatha

നടപ്പാത കൈയേറിയും ബോർഡ് സ്ഥാപിക്കുന്നു

വർക്കല: പൊതുസ്ഥലങ്ങളിലും റോഡുകളിലും അനധികൃത ബോർഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നത് വർദ്ധിക്കുന്നതായി പരാതി. അനുമതിയില്ലാതെയാണ് തെരുവോരങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്. ടൗണുകളുടെ പ്രധാന കേന്ദ്രങ്ങളിലും റൗണ്ട് എബൗട്ടുകളിലും റെയിൽവേ ഓവർബ്രിഡ്ജിന്റെ തൂണുകളിലും മറ്റും ഒറ്റ രാത്രി കൊണ്ടാണ് നൂറുകണക്കിന് പരസ്യബോർഡുകൾ ഉയരുന്നത്.

വർക്കല ടൗണിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിന് മുന്നിൽ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കുന്നത് പലപ്പോഴും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട ഭീഷണിയാകുന്നുണ്ട്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധത്തിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

മൈതാനം ജംഗ്ഷനിൽ നിന്ന് പുന്നമൂട് ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ കെട്ടിടത്തിന്റെ മുകളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വൈദ്യുതി ലൈനുകൾക്ക് മുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ബോർഡുകൾ നീക്കംചെയ്യാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിയമ ലംഘനങ്ങൾ പാടില്ല

പഞ്ചായത്ത്,നഗരസഭ പ്രദേശങ്ങളിൽ പരസ്യ ബോർഡുകൾ,ബാനറുകൾ എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ നിബന്ധനകളും നിശ്ചിത ഫീസും നിശ്ചയിച്ചിട്ടുണ്ട്.പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന്റെ ലൊക്കേഷൻ പ്ലാൻ,എഗ്രിമെന്റ്,സ്ട്രെക്ച്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വേണം അനുമതി നേടാൻ. സ്വകാര്യവ്യക്തികളുടെ സ്ഥലമാണെങ്കിൽ വ്യക്തിയുടെ സമ്മതപത്രവും പൊതുസ്ഥലമാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സമ്മതപത്രവും,ഇൻഷ്വറൻസ് സർട്ടിഫിക്കറ്റും ആവശ്യമാണ്. ഇത്തരത്തിൽ നിയമങ്ങളും കോടതി നിർദ്ദേശങ്ങളും ലംഘിച്ചുള്ള ബോർഡുകൾ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്.

നടപ്പാത കൈയേറി പരസ്യ മദ്യപാനം

വർക്കല മുനിസിപ്പൽ പാർക്കിന്റെ ഒരു ഭാഗത്തെ നടപ്പാത കൈയേറി കാൽനടയാത്രക്കാരെ ശല്യപ്പെടുത്തുന്നതായി പരാതി. വർക്കല ഡിവൈ.എസ്.പി ഓഫീസിനോട് ചേർന്നുള്ള ഈ ഭാഗത്ത് പരസ്യ മദ്യപാനവും അസഭ്യവർഷവും തമ്മിൽത്തല്ലും പകൽ സമയത്തെ സ്ഥിരം കാഴ്ചയാണ്. മദ്യപിച്ച് ലക്കുകെട്ട് നഗ്നത മറയ്ക്കാതെ നിലത്ത് കിടക്കുന്നവരെ മറികടന്നുവേണം പലപ്പോഴും കാൽനടയാത്രക്കാർക്ക് പോകാൻ. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.

ലഹരിയുടെ ഉപയോഗം പൊതുനിരത്തുകളിലേക്ക് എത്തുന്നത് തടയുന്നതിന് എക്സൈസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.

ആർ.സുലോചനൻ,പ്രസിഡന്റ്,

നേതാജി റസി.അസോസിയേഷൻ