
തിരുവനന്തപുരം: പണിതുടങ്ങി പാതിവഴിയിലിട്ടിരിക്കുന്ന അങ്കമാലി-എരുമേലി ശബരിപാതയ്ക്ക് കേന്ദ്രസർക്കാരിന്റെ വായ്പയ്ക്കായി സംസ്ഥാനം ശ്രമംതുടങ്ങി. അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഒന്നരലക്ഷംകോടി ദീർഘകാല, പലിശരഹിത വായ്പാപദ്ധതിയിൽ ശബരിപാതയെ ഉൾപ്പെടുത്താനാണ് ശ്രമം. ധനവകുപ്പിന്റെ അനുമതിയോടെ ഇതിനായുള്ള അപേക്ഷ കേന്ദ്രത്തിനയയ്ക്കും.
ശബരിപാതയ്ക്കുള്ള സംസ്ഥാനവിഹിതമായ 1900.47കോടി കിഫ്ബിയിൽനിന്ന് നൽകാമെന്നും ഇത് പൊതുകടത്തിൽപ്പെടുത്തി കടമെടുപ്പ്പരിധി വെട്ടിക്കുറയ്ക്കരുതെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയനീക്കം. ബാങ്കുകളുടെ കൺസോർഷ്യം,വിദേശധനകാര്യസ്ഥാപനം എന്നിവയിൽ നിന്ന് വായ്പയ്ക്ക് ശ്രമിച്ചെങ്കിലും അവയും കേന്ദ്രം പൊതുകടത്തിന്റെ പരിധിയിൽപ്പെടുത്തുമെന്നതിനാൽ ആ വഴിയും അടഞ്ഞിരുന്നു.
അങ്കമാലി-എരുമേലി 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരു പാലവും നിർമ്മിച്ചിട്ടുണ്ട്. രാമപുരം വരെ ഭൂമിയേറ്റെടുക്കലിന് കല്ലിട്ടിട്ടുമുണ്ട്. 264കോടി ചെലവിട്ട ശേഷം പദ്ധതി 2019ൽ റെയിൽവേ മരവിപ്പിച്ചതാണ്. ഇത്തവണയും കഴിഞ്ഞതവണയും കേന്ദ്രബഡ്ജറ്റിൽ 100കോടിവീതം പ്രഖ്യാപിച്ചിരുന്നു.
ആറുജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാവുന്ന പദ്ധതിയാണിതെന്ന് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി വായ്പനേടിയെടുക്കാനാണ് ശ്രമം. എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഗതാഗതസൗകര്യമേറുന്നതും മലയോരമേഖലകളിലേക്കും ഇടുക്കിജില്ലയിലേക്കും റെയിൽസൗകര്യമെത്തിക്കുന്നതുമായ പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് ചീഫ്സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചിരുന്നു.
വിഴിഞ്ഞത്തിനും ഗുണം
1. വിഴിഞ്ഞത്തു നിന്നുള്ള കണ്ടെയ്നർ നീക്കം റോഡുകൾക്ക് താങ്ങാനാവുന്നതിലും ഏറെയായതിനാൽ വടക്കോട്ട് ഇങ്ങനെയൊരു റെയിൽപ്പാത അനിവാര്യം.
2. തുറമുഖത്തു നിന്ന് വടക്കോട്ടുള്ള കണ്ടെയ്നർ നീക്കം സുഗമമാവും. ഫർണിച്ചർ,അരി,പ്ലൈവുഡ്, റബർ,സുഗന്ധവ്യജ്ഞനം, പൈനാപ്പിൾ വ്യവസായങ്ങൾക്ക് മെച്ചം.
3. തുറമുഖം കേന്ദ്രീകരിച്ചുള്ള ബ്ലൂ-ഇക്കണോമി കേരളത്തിന്റെ മദ്ധ്യഭാഗം വരെവ്യാപിക്കും. പാതയ്ക്കരികിൽ പാട്ടത്തിലുള്ള എസ്റ്റേറ്റുകൾ തിരിച്ചെടുത്ത് വ്യവസായ പാർക്കുകൾ സ്ഥാപിക്കാം.
₹3800.94കോടി
ശബരിപാതയുടെ നിർമ്മാണച്ചെലവ്.
1900.47കോടി കേരളം മുടക്കണം.
₹4800കോടി
ശബരിപാത വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുള്ള പദ്ധതിച്ചെലവ്
കാലവർഷം കുറഞ്ഞു, ഡാമുകളിൽ വെള്ളമില്ല (ഡെക്ക്)
വൈദ്യുതി ഉത്പാദനത്തിനുള്ള കരുതൽ ജലശേഖരം ഇടിഞ്ഞു
തിരുവനന്തപുരം: ജൂൺ- സെപ്തംബർ കാലയളവിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴയുടെ തോത് താഴ്ന്നതോടെ സംസ്ഥാനത്തെ ഡാമുകളിൽ വെള്ളം കുറഞ്ഞു. ഇതോടെ വൈദ്യുതി ഉത്പാദനത്തിനുള്ള കരുതൽ ജലശേഖരത്തിലും ഇടിവുണ്ടായി. തുലാവർഷം കൂടി മികച്ചരീതിയിലുണ്ടായില്ലെങ്കിൽ ഇക്കുറി വൈദ്യുതി പ്രതിസന്ധിക്കിടയുണ്ടെന്നാണ് ആശങ്ക.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 13% കുറച്ച് മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്. 1957 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് പെയ്തത് 1709 മില്ലിമീറ്റർ മാത്രം. ഇടുക്കിയിൽ 33%ഉം വയനാട് 31%ഉം എറണാകുളത്ത് 26%ഉം ആലപ്പുഴയിൽ 20%ഉം മഴ കുറഞ്ഞു. മറ്റ് ജില്ലകളിൽ സാധാരണതോതിലാണ്. കണ്ണൂരിലും തിരുവനന്തപുരത്തും മാത്രമേ കൂടുതൽ മഴ ലഭിച്ചുള്ളൂ. കണ്ണൂരിൽ 16%ഉം തിരുവനന്തപുരത്ത് 3%ഉം അധികമഴപെയ്തു.
മേജർ അണക്കെട്ടുകളായ പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടല, മാട്ടുപ്പെട്ടി തുടങ്ങിയവയിൽ 70% ജലം മാത്രമാണുള്ളത്. ഇടുക്കിയിൽ 68 ശതമാനവും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമുണ്ടായതോടെ കാലവർഷം രണ്ടാഴ്ച കൂടി നീണ്ടേക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ രണ്ടാം വാരത്തോടെ തുലാവർഷം തുടങ്ങുമെന്നാണ് കരുതുന്നത്. തുലാവർഷവും സംസ്ഥാനത്ത് ശക്തിപ്പെടാനിടയില്ലെന്നാണ് മുന്നറിയിപ്പ്.
#ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ ആന്ധ്ര, ഒഡീഷ തീരത്തോട് ചേർന്ന് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യത കൂടിയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് കണ്ണൂരിലും കാസർകോട്ടും യെല്ലോ അലർട്ട്. കേരളതീരത്ത് ഇന്ന് രാത്രി 11മുതൽ തിരമാല ഒരുമീറ്റർവരെ ഉയരാനിടയുണ്ട്.
പ്രധാന ഡാമുകളിലെ ജലശേഖരം
പമ്പ, കക്കി,ഷോളയാർ, ഇടമലയാർ, കുണ്ടല, മാട്ടുപ്പെട്ടി- 70%
ഇടുക്കി- 68%
മഴ കുറഞ്ഞ ജില്ലകൾ
ഇടുക്കി- 33%
വയനാട്- 31%
എറണാകുളം-26%
ആലപ്പുഴ- 20%