a

സംസ്ഥാനം സമർപ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നു. രാജ്യത്ത് ആദ്യമായാണ് തീരദേശ മേഖലയിൽ ഇളവ് ലഭിക്കുന്നത്. 2019-ലെ കേന്ദ്ര തീരദേശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.

തീരദേശ നിയമം പ്രാബല്യത്തിലുണ്ടായിരുന്നത് തീരദേശ മേഖലയിലെ മിക്ക പഞ്ചായത്തുകളിലെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചിരുന്നു. ഇങ്ങനെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്ന പഞ്ചായത്തുകളിൽ 66 എണ്ണത്തിന് കോസ്റ്റൽ റഗുലേഷൻ സോൺ (സി.ആർ. സെഡ് ) മൂന്നിൽ നിന്ന് രണ്ടിലേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നഗര സ്വഭാവമുള്ള പഞ്ചായത്തുകളാണ് സി. ആർ. സെഡ് രണ്ടിലുള്ളത്. താരതമ്യേന നിയന്ത്രണം കുറഞ്ഞ വിഭാഗമാണിത്. കായൽ ലവണാംശം കൂടുതലുള്ള പുഴ എന്നിവയുടെ തീരങ്ങളിൽ നിലവിൽ 100 മീറ്ററാണ് നിയന്ത്രണ മേഖല. ഇത് 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്. കടൽത്തീരങ്ങളിലെ പരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കുകയും ചെയ്തു.

ഇളവ് ലഭിച്ച 66 പഞ്ചായത്തുകളിൽപ്പെട്ട അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരമുള്ള പ്രദേശങ്ങളിൽ സി.ആർ. സെഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.

സ്വകാര്യ ഭൂമിയിലെ കണ്ടൽ ചെടികൾക്ക് ബഫർ സോൺ നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. സർക്കാർ ഭൂമിയിൽ ആയിരം ചതുരശ്ര മീറ്റർ കണ്ടൽക്കാടുണ്ടെങ്കിൽ ബഫർസോൺ ബാധകമാകും.

പ്രകൃതി ദോഷങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാൻ കൂടിയാണ് ഇത്തരം നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നത്. ഇത് ലംഘിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നത് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ബോധം ജനങ്ങൾക്ക് ഇപ്പോൾ ഏറെക്കുറെ ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ നഗര സ്വഭാവമുള്ള 109 പഞ്ചായത്തുകളെ കൂടി കൂടുതൽ ഇളവുകളുള്ള സി.ആർ. സെഡ് രണ്ടിലേക്ക് മാറ്റണമെന്ന സർക്കാരിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. വീണ്ടും കാര്യകാരണ സഹിതം ബോദ്ധ്യപ്പെടുത്തി അപേക്ഷ സമർപ്പിക്കുകയും ഭരണതലത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്താൽ ഇതിൽ പകുതിയിലേറെ പഞ്ചായത്തുകൾക്കെങ്കിലും ഇളവ് ലഭിക്കാൻ സാദ്ധ്യത ഇല്ലാതെയില്ല. ഇതിനുള്ള ശ്രമം സംസ്ഥാനം തുടർന്നുകൊണ്ടിരിക്കണം.

ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ ലഭിച്ചുവരുന്ന ആനുകൂല്യം നഷ്ടപ്പെടാതെ സോൺ മാറ്റം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളം പലവട്ടം കേന്ദ്രത്തെ സമീപിച്ചതിനു ശേഷമാണ് നിയമോപദേശം ഉൾപ്പെടെ നേടി ഒരു വർഷത്തോളം നീണ്ടുനിന്ന പരിശോധനകൾക്കും മറ്റും ശേഷം കേന്ദ്രം 66 പഞ്ചായത്തുകൾക്ക് ഇളവ് നൽകിയത്.

കേരളത്തിന്റെ തെക്ക് വടക്ക് നീണ്ടുകിടക്കുന്ന അറബിക്കടലിന്റെ വേലിയേറ്റ സമയത്തുള്ള രൂക്ഷത ഓരോ വർഷം കഴിയും തോറും കൂടിവരികയാണ്. അതിനാൽ തീരസംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും സംസ്ഥാനം ശ്രമിക്കേണ്ടതാണ്. തീരദേശ റോഡ് യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് യാഥാർത്ഥ്യമായാൽ ടൂറിസവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിക്ഷേപ സാദ്ധ്യതകൾക്കാവും വഴിതുറക്കുക. തീരദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭങ്ങൾ ഉണ്ടായിവരികയും ചെയ്യും. സംസ്ഥാനം അടിസ്ഥാന സൗകര്യം ഒരുക്കുന്നിടങ്ങളിൽ സ്വകാര്യ നിക്ഷേപം ആരും ക്ഷണിക്കാതെ തന്നെ ഉണ്ടായിവരും.

തീരദേശ നിയമത്തിലെ ഇളവുകൾ ഒട്ടേറെപ്പേരുടെ വീടുകളും മറ്റും നിർമ്മിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം മാറിക്കിട്ടാൻ ഇടയാക്കുന്നതാണ്. അതേസമയം പുതിയ ഇളവുകളും ലംഘിക്കപ്പെടാതിരിക്കാൻ പഞ്ചായത്തുകൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.