കിളിമാനൂർ: കിളിമാനൂർ ടൗണിനോടു ചേർന്നുള്ള ഗ്രാമമാണെങ്കിലും വികസന കാര്യങ്ങളിൽ അവഗണന നേരിടുകയാണ് ഇരട്ടച്ചിറക്കാർക്ക്. ടൗണിൽ നിന്നു ഒരു കിലോമീറ്റർ അകലെ സംസ്ഥാനപാതയ്ക്ക് ഇരുവശത്തായി സ്ഥിതിചെയ്യുന്ന ഇരട്ടച്ചിറ ഗ്രാമത്തിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ വസിക്കുന്നു. പഴയകുന്നുമ്മൽ, പുളിമാത്ത് പഞ്ചായത്തുകളുടെ അതിർത്തിയിലായതുകൊണ്ടാണ് ഗ്രാമം അവഗണിക്കപ്പെടുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇരുവശവും കുന്നുകളായിട്ടുള്ള ഇവിടെ മഴക്കാലമായാൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. പഴയകുന്നുമ്മൽ, കിളിമാനൂർ, മടവൂർ പഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് മഞ്ഞപ്പാറ റോഡിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ വേണ്ടത്ര കുടിവെള്ളം ലഭിക്കുമെങ്കിലും സംസ്ഥാനപാതയുടെ മറുഭാഗത്ത് വട്ടപ്പാറ റോഡിന് ഇരുവശത്തുമുള്ള വീടുകളിലൊന്നും പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടില്ല. കണക്ഷനു വേണ്ടി നിരവധിപേർ അപേക്ഷ നൽകിയെങ്കിലും സംസ്ഥാനപാത മുറിച്ച് കടക്കേണ്ടതിനാൽ കണക്ഷൻ കൊടുക്കാൻ പറ്റില്ലെന്ന നിലപാടിലാണ് വാട്ടർ അതോറിട്ടി. എന്നാൽ പാത മുറിക്കാതെ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന വീതിയേറിയ കലിംഗിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം നൽകാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
വൈദ്യുതിയെന്ന പ്രധാന പ്രശ്നം
കല്ലറ ഭാഗത്ത് നിന്നുള്ള ലൈനിൽ നിന്നാണ് വട്ടപ്പാറ ഭാഗത്തേക്ക് വൈദ്യുതിയെത്തുന്നത്. റബ്ബർ തോട്ടങ്ങൾക്കിടയിലൂടെയാണ് ഈ ലൈൻ കടന്നുപോകുന്നത്. ചെറിയ കാറ്റടിക്കുമ്പോൾ പോലും മരച്ചില്ലകൾ തട്ടി വൈദ്യുതി മുടങ്ങുന്നത് ഇവിടെ പതിവാണ്. നിത്യേന പത്തും പതിനഞ്ചും പ്രാവശ്യമാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങുന്നത്. മാത്രമല്ല ഇടയ്ക്കിടക്ക് അമിതമായ വൈദ്യുത പ്രവാഹവും ഉണ്ടാകുന്നതിനാൽ ടി വി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും നശിക്കുന്നു.
റോഡുകളും തകർന്ന നിലയിൽ
പുളിമാത്ത് ഭാഗത്ത് നിന്നും കുന്നുമ്മലിലേക്ക് പോകുന്നതിനും കിളിമാനൂർ നിന്ന് കല്ലറയിലേക്ക് പോകുന്നതിനും എളുപ്പമാർഗമായ രണ്ട് റോഡുകൾ ഇവിടെ സന്ധിക്കുന്നു. ഇവ ടാറും കോൺക്രീറ്റും ഇളകി തകർന്ന നിലയിലാണ്. കുന്നുമ്മലിലേക്ക് പോകുന്ന ഭാഗത്ത് ചെറിയ വാഹനങ്ങൾ പോകുമ്പോൾ അടി തട്ടുന്ന അവസ്ഥയുമുണ്ട്. കല്ലറയ്ക്ക് പോകുന്ന കുതിരതടം റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സംസ്ഥാന പാതയിൽ സന്ധിക്കുന്ന ഇടറോഡുകളുടെ പ്രവേശന കവാടങ്ങളിൽ അൻപത് മീറ്ററോളം ഭാഗം കെ.എസ്.ടി.പിക്കാർ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന നിബന്ധനയുണ്ടെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യമേറെയുള്ള വട്ടപ്പാറ റോഡിൽ തെരുവു വിളക്കുകൾ കത്താത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.