venad

സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളിൽ നിത്യയാത്രക്കാർ നേരിടുന്ന ദുരവസ്ഥയ്ക്ക് ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഏറെ തിരക്കനുഭവപ്പെടുന്ന പ്രഭാത ട്രെയിനുകളിൽ ഇരിക്കാൻ പോയിട്ട് നേരെ നിന്നുപോലും യാത്രചെയ്യാനാവാത്ത സ്ഥിതിയാണ്. തിങ്കളാഴ്ച വേണാട് എക്സ്‌‌പ്രസിലെ അനിയന്ത്രിതമായ തിരക്കുമൂലം രണ്ടു യാത്രക്കാരികൾ കുഴഞ്ഞുവീണത് ആദ്യ സംഭവമൊന്നുമല്ല. വൈകിട്ടുള്ള പരശുറാം എക്സ്‌പ്രസിലെ തിരക്കിലും യാത്രക്കാർ മോഹാലസ്യപ്പെട്ടു വീഴുന്നതും പതിവാണ്. ഈ ദുരിതാവസ്ഥയ്ക്ക് അടുത്തൊന്നും പരിഹാരമുണ്ടാകാൻ പോകുന്നില്ലെന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ നൽകുന്ന സൂചന. യാത്രക്കാരും അവരുടെ സംഘടനകളും മാത്രമാണ് ഈ പ്രശ്നം പതിവായി ഉന്നയിക്കുന്നതെന്നതിനാൽ വേണ്ട പരിഗണന ലഭിക്കുന്നില്ല. റെയിൽവേ കേന്ദ്ര വകുപ്പാണെങ്കിലും സംസ്ഥാന മന്ത്രിസഭയിലും അതിനായി ഒരു മന്ത്രി ഉണ്ടെന്നാണു വയ്പ്. കേരളത്തിലെ റെയിൽവേ യാത്രക്കാർ പോലും അങ്ങനെ ഒരു മന്ത്രിയുടെ പേര് ഓർക്കുന്നുണ്ടോ എന്നു നിശ്ചയമില്ല. അത്രയ്ക്ക് വിളിപ്പാട‌കലെയാണ് ഈ മന്ത്രി.

ഓണത്തിരക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണാവധിയും കഴിഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച യാത്രാദുരിതം പതിന്മടങ്ങാവുമെന്ന് റെയിൽവേയ്ക്കും അറിയാവുന്ന കാര്യമാണ്. അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ന്യായമായും ഉണ്ടാകേണ്ടതാണ്. വേനലവധിക്കാലത്ത് യാത്രക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആചാരം പോലെ സമ്മർ സ്പെഷ്യലുകൾ ഓടിക്കാറുള്ള റെയിൽവേ പ്രാദേശിക ആവശ്യങ്ങൾ കൂടി പരിഗണിക്കേണ്ടതല്ലേ? യാത്രക്കാരെ കന്നാലിക്കൂട്ടങ്ങളായി പരിഗണിക്കുന്ന റെയിൽവേ മനോഭാവത്തിന് എന്നാണിനി മാറ്റമുണ്ടാകുക? കേരളത്തിൽ തെക്കു നിന്ന് വടക്കേ അറ്റം വരെ ദേശീയപാത പുനർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ബസ് യാത്ര അതുകൊണ്ടുതന്നെ പലരും ഉപേക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ട് സാധാരണ ദിവസങ്ങളിൽ പോലും ട്രെയിനുകളിൽ വലിയ തിരക്കാണ്. രാജ്യത്ത് വരുമാനമുണ്ടാക്കുന്നതിൽ കേരളത്തിന് മുൻ നിരയിലാണ് സ്ഥാനം. എന്നിട്ടും ഇവിടെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തത്രയാണ്.

നമുക്കുമുണ്ട് കുറെ എം.പിമാർ. വിമാനത്തിലും കാറിലും മാത്രം യാത്രചെയ്യുന്ന അവർക്ക് സാധാരണ ട്രെയിൻ യാത്രക്കാരനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല. ഡൽഹിയിൽ വളരെ പിടിപാടുള്ളവരും കേന്ദ്രമന്ത്രിമാരായിരുന്നിട്ടുള്ളവരുമൊക്കെ കൂട്ടത്തിലുണ്ടെങ്കിലും ഇതുപോലുള്ള പൊതുപ്രശ്നത്തിൽ കേവലം നിവേദനം നൽകുന്നതല്ലാതെ ഫലപ്രാപ്തിയിലെത്തിക്കുന്ന ഒരു നടപടി പോലും ഉണ്ടാകുന്നില്ലെന്നതാണ് സത്യം.

ദീർഘദൂര വണ്ടികൾക്കു മാത്രം പ്രാധാന്യം നൽകുന്നതാണ് കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രതിസന്ധിക്കു പ്രധാന കാരണം. രാവിലെ വടക്കോട്ടുള്ള പാലരുവി, വേണാട്, പരശുറാം, ശബരി എക്സ്‌പ്രസ് മാറ്റി നിറുത്തിയാൽ ഹ്രസ്വദൂര യാത്രക്കാർക്കായി അധിക സർവീസൊന്നുമില്ല. കൊല്ലത്തിനും എറണാകുളത്തിനും ഇടയ്ക്ക് ഓടിക്കൊണ്ടിരുന്ന പാസഞ്ചർ, മെമു സർവീസുകളിൽ പലതും നിറുത്തലാക്കി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇരട്ടപ്പാത യാഥാർത്ഥ്യമായിട്ടും ആവശ്യത്തിന് പാസഞ്ചർ വണ്ടികൾ ഓടിക്കാനാവുന്നില്ല. സിഗ്നലിംഗ് പരിഷ്കരിച്ചാൽ കൂടുതൽ വണ്ടികൾ ഓടിക്കാനാകും. ഇതിനു വേണ്ടിയാണ് നിരവധി വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം - ചെങ്ങന്നൂർ പാതയിൽ ഓട്ടോമാറ്റിക് സിഗ്നലുകൾ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. മൂവായിരം കോടി രൂപ മാത്രം ചെലവു കണക്കാക്കിയ ആ പദ്ധതി എറണാകുളം വരെ ദീർഘിപ്പിക്കാനും കഴിയുമായിരുന്നു. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഏതു പദ്ധതിയും തട്ടിത്തെറിപ്പിക്കാൻ ആളുണ്ടാകുമല്ലോ.

കേരളത്തിലെ നിത്യയാത്രക്കാരുടെ ദുരിതം തീരണമെങ്കിൽ കൃത്യമായ ഇടവേളകളിൽ പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും ഉണ്ടാകണം. കൊവിഡ് കാലത്ത് നിറുത്തിവച്ച സർവീസുകളെങ്കിലും പൂർണമായി പുനഃസ്ഥാപിക്കണം. വേണാട് പോലുള്ള ട്രെയിനുകളിൽ അധിക കോച്ചുകൾ ഘടിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. അപ്പോൾ എന്തുവേണം. ഇടവേള കണക്കാക്കി പുതിയ സർവീസുകൾക്കു സാദ്ധ്യതയുണ്ടോ എന്നു പരിശോധിക്കണം. ടിക്കറ്റുമെടുത്ത് ട്രെയിനിൽ കയറുന്ന യാത്രക്കാർ തിരക്കിൽപ്പെട്ട് കുഴഞ്ഞുവീണുകൊണ്ടിരിക്കുന്നത് റെയിൽവേയെ ആനന്ദിപ്പിക്കുന്ന കാര്യമല്ലെന്ന് ഓർക്കുക.