
പള്ളിക്കൽ: ചെണ്ടുമല്ലി പൂക്കൃഷി ചെയ്തവർ പൂക്കൾ വിറ്റഴിക്കാൻ കഴിയാതെ കടക്കെണിയിലായി. കർഷക ഗ്രൂപ്പുകൾക്ക് പഞ്ചായത്തുകൾ വഴിയോ കുടുംബശ്രീയിലൂടെയോ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ല. വളത്തിനും കീടനാശിനിക്കുമായി ചെലവഴിച്ച തുകയും കഠിനാദ്ധ്വാനവും കർഷകർക്ക് വൃഥാവിലായി. കളപറിക്കൽ തുടങ്ങി ചെടികളുടെ എല്ലാ പരിപാലനവും കർഷകക്കൂട്ടായ്മകൾക്കായിരുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ "പൂവനി" എന്ന പദ്ധതിയായിരുന്നു ചെണ്ടുമല്ലി പൂക്കൃഷി. നല്ലയിനം തൈകൾ ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് കർഷകർക്ക് സൗജന്യമായി നൽകുകയായിരുന്നു. പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ കർഷകക്കൂട്ടായ്മകളെയും സംഘടിപ്പിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കാലാവസ്ഥയും അനുകൂലമായതോടെ പൂന്തോട്ടങ്ങളിൽ ചെടികളെല്ലാം പൂത്തുലഞ്ഞു. ഒപ്പം കർഷകരുടെ മനസും. എന്നാൽ ഗ്രാമങ്ങളിലെ ഓണവിപണി മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വിറ്റഴിക്കൽ മാർഗം. എന്നാൽ അവിടെ ഇത്രയധികം പൂവുകൾ വിറ്റഴിക്കുക പ്രയാസമായിരുന്നു. മടവൂർ പഞ്ചായത്തിൽ മാത്രം പത്തേക്കറോളം ഭൂമിയിലാണ് കൃഷി ചെയ്തത്. പലപൂന്തോട്ടങ്ങളിലുമിന്ന് പൂക്കൾ വിളവെടുക്കാതെ നശിച്ചു. കർഷക സംഘടനകളാരും തന്നെ തിരിഞ്ഞു നോക്കുന്നില്ല. പ്രധാന വിപണി കണ്ടെത്തുന്നതിൽ അധികാരികൾക്ക് വീഴ്ച പറ്റിയതായി കർഷകർ പറയുന്നു. മത്സരബുദ്ധിയോടെ പൂവിളവെടുപ്പ് എല്ലാവരും ആഘോഷിച്ചെങ്കിലും ആരും വിളയുത്പ്പന്നത്തിന്റെ വിറ്റുവരവിനെക്കുറിച്ച് ഓർത്തില്ല എന്നതാണ് വാസ്തവം. സീസൺ കൃഷിയായി കാണാതെ സ്ഥിരമായി വിളവെടുക്കുന്ന തരത്തിൽ പൂക്കൃഷിയെ മാറ്റിയെടുക്കണമെന്നും വിപണി കണ്ടെത്തുന്നതിൽ സർക്കാർ ഏജൻസികൾ സഹായിക്കണമെന്നും കർഷകർ പറഞ്ഞു.