house
house

തിരുവനന്തപുരം: സംസ്ഥാനത്തെ 66 പഞ്ചായത്തുകളെ

തീരദേശപരിപാലന നിയമത്തിലെ (സി.ആർ.ഇസെഡ്) സോൺ മൂന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റാൻ കേന്ദ്രം അനുമതി നൽകിയത് 10 ലക്ഷത്തോളം പേർക്ക് ആശ്വാസമാകും. തീരദേശവാസികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ വീട് അനുവദിക്കാൻ കഴിയും.സ്വന്തം സ്ഥലത്ത് വീടുവയ്ക്കാം. നിർമ്മിച്ച കെട്ടിടങ്ങൾക്ക് പഞ്ചായത്തുകൾ നമ്പരുകൾ നൽകും. നിർമ്മാണം കടലിൽ നിന്നും കായലിൽ നിന്നും 50 മീറ്റർ അകലം പാലിച്ച് നടത്താനാവും. വേലിയേറ്റ രേഖയിൽ നിന്നാണ് 50 മീറ്റർ അകലം. വാണിജ്യ നിർമ്മാണങ്ങൾക്ക് 500 മീറ്റർ ദൂര പരിധി തുടരും.

2019 ജനുവരിയിലെ സി.ആർ.ഇസെഡ് വിജ്ഞാപന പ്രകാരമാണ് ഇത്രയും പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ വന്നത്. ഇതുസംബന്ധിച്ച പ്ളാനിൽ മാറ്റം വരുത്താനുള്ള അപേക്ഷയാണ് കേന്ദ്രം അംഗീകരിച്ചത്. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ തീരദേശ പരിപാലന പ്ലാനിൽ മാറ്റംവരുത്താൻ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടി വലിയ പരിശ്രമമാണ് നടത്തിയത്.

36,000പരാതികളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. നാലുവട്ടം സംസ്ഥാന അതോറിട്ടി ദേശീയ അതോറിട്ടിയെ സമീപിച്ചു. തദ്ദേശവകുപ്പ് 2012-13ൽ നഗരസ്വഭാവമുണ്ടെന്ന് ഉത്തരവിറക്കിയ 66 പഞ്ചായത്തുകളെ സോൺ രണ്ടിലേക്ക് മാറ്റണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അതാണിപ്പോൾ അംഗീകരിച്ചത്. 109 പഞ്ചായത്തുകൾക്ക് കൂടി നഗരസ്വഭാവമുണ്ടെന്നും അതിനും ഇളവ് വേണമെന്നും അടുത്തിടെ ആവശ്യപ്പെട്ടിട്ടുണ്ട്.അതു പിന്നീട് പരിഗണിക്കും.

ഇനി ഒറ്റ അപേക്ഷ മതി

വെബ്സൈറ്റിൽ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന മാപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാകുന്നതോടെ, കെട്ടിടനിർമ്മാണത്തിന് തദ്ദേശസ്ഥാപനത്തിൽ മാത്രം അപേക്ഷിച്ചാൽ മതി.

നിലവിൽ കോസ്റ്റൽ സോൺ റഗുലേറ്ററി അതോറിട്ടിക്കും അപേക്ഷ നൽകണമായിരുന്നു.

സോൺ മൂന്നിലും

രണ്ടു വിഭാഗം

സോൺ മൂന്നിൽ തുടരുന്ന പഞ്ചായത്തുകളെ

എ,​ ബി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ബാധകമാക്കിയതും ആശ്വാസമായി.എ വിഭാഗത്തിലെ പഞ്ചായത്തുകളിൽ നിർമ്മാണങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 50 മീറ്റർ ദൂരപരിധി മതി. സോൺ രണ്ടിലേതുപോലെ അനുകൂല്യം ലഭിക്കില്ല.ഭാവിയിൽ രണ്ടിലേക്ക് മാറാൻ കഴിഞ്ഞേക്കും.ബി വിഭാഗത്തിൽ 200 മീറ്റർ ദൂരപരിധി തുടരും.

മാറ്റം ഒറ്റനോട്ടത്തിൽ

കായൽ,ഉപ്പിന്റെ അംശം കൂടുതലുള്ള പുഴ എന്നിവയുടെ തീരങ്ങളിൽ 100 മീറ്ററായിരുന്ന നിയന്ത്രണമേഖല 50 മീറ്ററാക്കി.കടൽത്തീരങ്ങളിലെ പരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി.

സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകൾക്ക് ബഫർസോൺ ഒഴിവാക്കി. അതിർത്തി മാത്രം മതി.

പൊതുഭൂമിയിൽ 1000 ചതുരശ്ര മീറ്ററിലധികമായി കണ്ടൽക്കാടുണ്ടെങ്കിൽ 50 മീറ്റർ ബഫർസോൺ വേണം.

പൊക്കാളി അല്ലെങ്കിൽ കൈപ്പാട് കൃഷിപ്പാടങ്ങളിൽ 1999ന് മുൻപുള്ള ബണ്ട് വേലിയേറ്റരേഖയായി കണക്കാക്കും. നിയന്ത്രണം ഇതിനുള്ളിൽ ചുരുക്കും.