വെള്ളനാട്: വെള്ളനാട്ടെ ഹോട്ടലിന് മുന്നിൽ ബോർഡ് വച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്ത്രീകളേയും കുട്ടിയേയും മർദ്ദിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി ഇന്നലെയും കോടതിയിൽ ഹാജരായി. കേസ് ഇന്ന് പരിഗണിക്കാനായി നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ കോടതി (1)​ മാറ്റി. അതേസമയം സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളനാട് കുളക്കോട് വില്ലേജ് ഓഫീസിന് മുന്നിൽ പഞ്ചായത്ത് ജീവനക്കാരനായ അരുൺ ജി. റോജ് നടത്തുന്ന ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. സ്ത്രീകളുടെ മൊഴിയിൽ ശശിക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ ശനിയാഴ്ച ഉച്ചയോടെ ആയൂരിൽ നിന്ന് ആര്യനാട് പൊലീസ് അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

പ്രായവും ശാരീരിക സ്ഥിതിയും അസുഖത്തിന് മരുന്ന് കഴിക്കുന്നതും പരിഗണിച്ച് തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്. കഴിഞ്ഞ രണ്ടുദിവസവും ശശി കോടതിയിൽ ഹാജരായി.

ദേശീയ പട്ടികജാതി

കമ്മിഷന് പരാതി നൽകി

വെള്ളനാട്: സ്ത്രീകൾക്കും കുട്ടിക്കുമെതിരെ അതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളനാട് ശശിക്കെതിരെ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ, ഡി.ജി.പി, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് കടയുടമ അരുൺ റോജിന്റെ ഭാര്യ സുകന്യാരാജ് പരാതി നൽകി.

എഫ്.ഐ.ആറിൽ സംഭവത്തിനിരയായ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും മകന്റെ ചെറുവിരലിന്റെ ഭാഗത്താണ് പരിക്കെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണെന്നും മൊഴികളിൽ പലതും രേഖപ്പെടുത്തിയിട്ടില്ലെന്നും സുകന്യാരാജ് പരാതിയിൽ പറയുന്നു.

കുറേക്കാലമായി ശശി കടയിലെത്തി പണം ആവശ്യപ്പെടുന്നുണ്ട്. സംഭവ ദിവസം പണം കിട്ടാതായതോടെയാണ് ആക്രമണം നടത്തിയതെന്നും തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചശേഷം സ്ഥാപനത്തിനെതിരെ ഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്.