
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംഭവത്തിലെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. നടപടികളിൽ ദുരൂഹതയുണ്ടെന്ന കോടതി പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ രണ്ടാം തവണയാണ് സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വിമർശനമുണ്ടാകുന്നത്. സി.പി.എം എം.എൽ.എ പ്രതിയായ കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. എം.എൽ.എയ്ക്ക് ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കിയത് സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുകേഷിന്റെ അറസ്റ്റ്, പ്രതികരിക്കാതെ ഗണേശ്
എം.മുകേഷ് എം.എൽ.എയെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ. ഈ വിഷയത്തിൽ പ്രതികരിക്കാൻ താൻ സിനിമാ മന്ത്രിയല്ലെന്ന പഴയ നിലപാടാണ് അദ്ദേഹം ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് ആവർത്തിച്ചത്.
'പീഡനക്കേസിൽ പ്രതിയായിട്ടും മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മുൻകൂർ ജാമ്യം ലഭിക്കാനും പൊലീസ് ഒത്താശ ചെയ്തു'.
- ബിന്ദുകൃഷ്ണ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം
'എം.എൽ.എയെ രക്ഷിക്കാനുള്ള ശ്രമമാണ് ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യൽ പോലും പ്രഹസനമാണ്'.
- ബി.ബി. ഗോപകുമാർ, ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ്