attendence

തിരുവനന്തപുരം:ജീവനക്കാരുടെ മുഖം തിരിച്ചറിഞ്ഞ് (ഫെയ്സ് റെക്കഗ്‌നിഷൻ) ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനം ഓഫീസുകളിൽ നടപ്പാക്കാൻ നോഡൽ ഓഫീസർമാർക്കുള്ള പരിശീലനത്തിന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഐ.ടി മിഷനാണ് പരിശീലന ചുമതല.

ഇന്നലെ തുടങ്ങി മൂന്ന് ദിവസം 14 കളക്‌ടറേറ്റുകളടക്കം 121 വകുപ്പുകളിലെ നോഡൽ ഓഫീസർമാർക്കാണ് പരിശീലനം. ഇവർ അടുത്ത രണ്ട് ദിവസങ്ങളിലായി എല്ലാ ജീവനക്കാർക്കും പരിശീലനം നൽകണം.

നിലവിൽ ഹാജർ രേഖപ്പെടുത്തുന്ന ആധാർ ബയോമെട്രിക്ക് പഞ്ചിംഗ് മെഷിനുകളിലെ സെൻസറുകൾ സുരക്ഷ ശക്തമാക്കാനായി മാറ്റുന്നതിനാൽ ഇവ 30 മുതൽ പ്രവർത്തനരഹിതമാവും. ഇതിന് പകരമാണ് താൽക്കാലിക സംവിധാനം.
എൻ.ഐ.സി വികസിപ്പിച്ച ആധാർ ബയോമെട്രിക്ക് അറ്റൻഡൻസ് സിസ്റ്റം എന്ന മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാം. സ്പാർക്കുമായി ബന്ധിപ്പിച്ചാവും പ്രവർത്തനം.

ഒരു ഫോണിൽ പലർക്കും

ഓഫീസിന്റെ നിശ്ചിത അകലെ എത്തുമ്പോൾ മൊബൈൽ ആപ്പിൽ മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്താം. നോഡൽ ഓഫീസർ അനുവദിച്ചാൽ ഒരു ഫോണിൽ പലർക്കും ഹാജർ രേഖപ്പെടുത്താം. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.