പൂവാർ: തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിലെ 66 പഞ്ചായത്തുകളെ സി.ആര്‍.ഇസെഡ് 3ല്‍ നിന്ന് സി.ആര്‍.ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ തീരത്തുനിന്ന് 200 മീറ്റർ അകലെമാത്രം വീടുകൾ നിർമ്മിച്ചിരുന്നിടത്ത് ഇനി 50 മീറ്റർ അകലം മതിയാകും. എന്നാൽ, ജില്ലയിലെ ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉള്ളതിനാല്‍ സി.ആര്‍.ഇസെഡ് 3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ വ്യവസ്ഥ പ്രകാരം 50 മീറ്ററിനുള്ളിൽ വീടുകൾ നിർമ്മിക്കുന്നതിന് മാത്രമാണ് പുതിയ പെർമിഷൻ ലഭിക്കുക.

 വാണിജ്യ ആവശ്യങ്ങൾ ആശങ്കയിൽ

വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമ്മാണം മുഴുവനും നിലവിലെ നിയമം തടയുകയാണ്. സ്കൂൾ, ആശുപത്രി, ക്ലിനിക്ക് ബാങ്ക്, വാണിജ്യാ, വ്യാപാര സ്ഥാപനങ്ങൾ, വിനോദ നിർമ്മാണം തുടങ്ങിയവയെല്ലാം തടസപ്പെടും. അതായത് മത്സ്യതൊഴിലാളി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന്റെ സാദ്ധ്യതകൾ മുഴുവൻ അടയപ്പെടും. തീരത്തുനിന്ന് 150 മീറ്ററിനുള്ളിൽ ഒരു ഗ്രാമീണറോഡും 100 മീറ്ററിനുള്ളിൽ 50 വർഷം പഴക്കമുള്ള (പി.ഡബ്ല്യൂ.ഡി ( ഗോതമ്പ് റോഡ്) റോഡും, അത് കഴിഞ്ഞ് വിഴിഞ്ഞം പൂവാർ നാഷണൽ ഹൈവേ റോഡും നിലവിലുണ്ട്. പുതിയ നിയമം അനുസരിച്ച് എൻ.എച്ച് റോഡിൽ പോലും വാണിജ്യ ആവശ്യത്തിനുള്ള നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയില്ലെന്നാണ് വ്യവസ്ഥ.

2019 ലെ തീരദേശ പരിപാലന നോട്ടിഫിക്കേഷൻ കരുംകുളം ഗ്രാമപഞ്ചായത്ത് സി.ആർ. ഇസഡ് 2 ൽ ഉൾപ്പെട്ടിരുന്നു.അതാണ് ഇപ്പോൾ ധാതുഘനനത്തിന്റെ പേരിൽ സി.ആർ. ഇസഡ് 3യിലേക്ക് മാറ്റിയത്. ഈ നടപടി പുനഃ പരിശോധക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം.

ഫ്രീഡ സൈമൺ, പ്രസിഡന്റ്, കരുംകുളം

ഗ്രാമപഞ്ചായത്ത്.