തിരുവനന്തപുരം: കാലഘട്ടത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകനായിരുന്നു കെ.ജി. ജോർജെന്ന് ചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ.കരുൺ. ഇപ്പോഴുണ്ടാകുന്ന പല സംഭവങ്ങളുടെയും നേർക്കാഴ്ചയാണ് പഞ്ചവടിപ്പാലം,ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ സിനിമകളിലൂടെ കെ.ജി.ജോർജ് കാലത്തിന് മുമ്പേ തുറന്നുകാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കെ.ജി. ജോർജിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമയെ അറിഞ്ഞ, സിനിമയെ സ്നേഹിച്ച ഒരു ഒറ്റയാനായിരുന്നു കെ.ജി.ജോർജെന്നും അദ്ദേഹത്തെ അർഹമായ രീതിയിൽ ചലച്ചിത്ര ലോകവും സമൂഹവും ഓർമ്മിക്കുന്നുണ്ടോയെന്ന് സംശയമാണെന്നും ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,നടി ജലജ, നിരൂപകൻ ജയകൃഷ്ണൻ, നന്ദൻ, മേലില രാജശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.