തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായി വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ അസാം പെൺകുട്ടി ഇനി പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി. ശിശുക്ഷേമസമിതിയിൽ താമസിക്കുന്ന 13 കാരിയായ പെൺകുട്ടി ഇന്നലെ മുതലാണ് സ്കൂളിൽ പോയി തുടങ്ങിയത്. ശിശുക്ഷേമ സമിതിയിൽ താമസിച്ച് പഠിക്കണമെന്ന ആഗ്രഹം സഫലമായതിന്റെ നിർവൃതിയിലാണ് കുട്ടി. പ്രവേശനം സ്കൂളിലെ ഓണാഘോഷ ദിനത്തിലായതിനാൽ സന്തോഷം ഇരട്ടിയായി.
ആദ്യ സ്കൂൾ ദിനമായ ഇന്നലെ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി തയാറായി വന്ന പെൺകുട്ടിയെ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എൽ.അരുൺഗോപിയാണ് സ്‌കൂളിലെത്തിച്ചത്. മാനേജർ സരിതയും ഒപ്പമുണ്ടായിരുന്നു.ഹിന്ദി ഭാഷയിലാവും പെൺകുട്ടി തത്കാലം പഠിക്കുക.തുടർന്ന് പഠന മാദ്ധ്യമം മലയാളമാക്കും.
അമ്മ തല്ലിയതിന്റെ പേരിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 20ന് വീടുവിട്ടുറങ്ങിയ പെൺകുട്ടിയെ 36 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്നാണ് കണ്ടെത്തിയത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയേറ്റെടുത്ത് നൽകിയ ഒരാഴ്ചത്തെ കൗൺസലിംഗിനു ശേഷവും വീട്ടിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുട്ടി. പഠിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും പെൺകുട്ടി കരഞ്ഞുപറഞ്ഞിരുന്നു. തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. കുട്ടിയെ തിരികെ കൊണ്ടുപോകാൻ പിതാവ് നടത്തിയ ശ്രമം നാടകീയരംഗങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ശിശുക്ഷേമസമിതിയിലെത്തിയ കുട്ടി വളരെവേഗം അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു.സമിതിയിലെ ഓണപ്പരിപാടികളിലും സജീവമായിരുന്നു.