തിരുവനന്തപുരം: അണുകുടുംബ കാലഘട്ടത്തിൽ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ.
ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച, ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ അവകാശസംരക്ഷണത്തിന് മാദ്ധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലെ സംസ്ഥാനതല കൂടിയാലോചനാ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മന്ത്രി. കുട്ടികളുടെ വളർച്ചയിൽ ഡിജിറ്റൽ സാക്ഷരതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂണിസെഫ് കേരള തമിഴ്നാട് സോഷ്യൽ പോളിസി ചീഫ് കെ.എൽ റാവു പറഞ്ഞു. ബാലാവകാശ സംരക്ഷണകമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ അദ്ധ്യക്ഷനായി. വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ മുഖ്യാതിഥിയായിരുന്നു.
സിനിമാ ടെലിവിഷൻ കാലഘട്ടത്തിലെ ബാലവകാശം എന്ന വിഷയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുണും ഡിജിറ്റൽ കാലത്തെ ബാലാവകാശം എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, കുട്ടികളുടെ സ്വകാര്യതയ്ക്കും രഹസ്യസ്വഭാവത്തിനുമുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള നിയമങ്ങളിലെ വൈരുദ്ധ്യം എന്ന വിഷയത്തിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി കെ.കെ.സുബൈറും സെഷനുകൾ നയിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ.കെ.ഷാജു മോഡറേറ്ററായി. ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം എൻ.സുനന്ദ നന്ദി പറഞ്ഞു.