തിരുവനന്തപുരം: വായ്പാകുടിശിക തീർപ്പാക്കുമ്പോൾ പരമാവധി ഇളവുകൾ നൽകണം. ജില്ലയിൽ വിദ്യാഭ്യാസ വായ്പാവിതരണത്തിൽ ഉണ്ടായ കുറവ് ബാങ്കുകൾ പരിശോധിക്കണമെന്നും ഡെപ്യൂട്ടി കളക്ടർ ടി. കെ. വിനീത് ആവശ്യപ്പെട്ടു.

ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടമരണം, സാധാരണ മരണം എന്നിവയ്ക്ക് രണ്ടുലക്ഷം രൂപവരെ ഇൻഷ്വറൻസ് തുക അവകാശിക്ക് ലഭ്യമാക്കുന്ന പദ്ധതിയിൽ ജില്ലയിലെ മുഴുവൻ കുടുംബങ്ങളേയും ഉൾപ്പെടുത്താൻ ബാങ്കുകളുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടക്കുകയാണ്.

ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് ഇടപാടുകളിലെ ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ ജി.വി.ദയാൽ പ്രസാദ് , റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ മിനി ബാലകൃഷ്ണൻ,നബാർഡ് ജില്ലാമാനേജർ സുരഭി എസ്. കുറുപ്പ് , ലീഡ് ഡിസ്ട്രിക്ട് മാനേജർ എസ്. ജയമോഹൻ എന്നിവർ സംസാരിച്ചു. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ജില്ലയിലെ 908ബാങ്ക് ശാഖകളിലെല്ലാമായി 10700കോടിരൂപയുടെ മുൻഗണനാവായ്പ നൽകി. ബാങ്കുകൾ 2024 ജൂൺ 30 വരെ 10700 കോടിരൂപ ജില്ലയിൽ മുൻഗണനാവായ്പ നൽകി. 2024-25 ലെ ജില്ലയിലെ മുൻഗണനാമേഖലയിലെ 30569 കോടി രൂപയാണ് വായ്പാലക്ഷ്യം.