
തിരുവനന്തപുരം: ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻൻസ് അച്ചടിയും വിതരണവും മോട്ടോർ വാഹനവകുപ്പ് ഏറ്റെടുക്കും. കുടിശിക പെരുകിയതോടെ കരാർ ഏജൻസി അച്ചടി വീണ്ടും നിറുത്തിവച്ച സാഹചര്യത്തിലാണിത്. 10 കോടിയോളം രൂപ നൽകാനുണ്ട്.
അച്ചടിച്ച് കെ.എസ്.ആർ.ടി.സിയുടെ പാഴ്സൽ വിതരണ സംവിധാനം വഴി വീടുകളിലെത്തിക്കും. അച്ചടിക്കുള്ള പി.വി.സി കാർഡ് വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കും. രേഖകൾ ഡൗൺലോഡ് ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കുന്നതും പരിഗണിക്കും.
കഴിഞ്ഞ നവംബറിൽ ആർ.സി, ലൈസൻസ് അച്ചടി നിറുത്തിയതിനെ തുടർന്ന് 9 കോടി കുടിശിക നൽകിയാണ് പ്രതിസന്ധി പരിഹരിച്ചത്. കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുഴുവൻ തീർപ്പാക്കുമെന്ന ഉറപ്പിലാണ് അന്ന് പണം നൽകിയത്. എന്നാൽ ഏജൻസി ഉറപ്പ് പാലിച്ചല്ലെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ പറഞ്ഞു. പിന്നീട് നേരിൽ കണ്ടും ഉറപ്പു നൽകിരുന്നു. അപേക്ഷകൾ തീർപ്പാക്കിയാലേ ബാക്കി തുക അനുവദിക്കൂ.
കൊടുക്കാനുള്ളത്
4.5 ലക്ഷം ലൈസൻസ്
അച്ചടി നിലച്ചതോടെ നാലരലക്ഷത്തിലേറെ ലൈസൻസാണ് കെട്ടിക്കിടക്കുന്നത്
തേവരയിലെ ഓഫീസിലാണ് തയ്യാറാക്കുന്നത്. ദിവസം 21,000 കാർഡ് അച്ചടിക്കണം
ഈടാക്കുന്ന 245 രൂപയിൽ 140 മോട്ടോർ വകുപ്പിന്. 60 രൂപ പ്രിന്റിംഗ് ഫീസ്. 45 രൂപ തപാൽ ചാർജ്
വകുപ്പിന് ഏതാനും പ്രിന്റിംഗ് മെഷീനുകളുണ്ട്. കൂടുതലെണ്ണം വാങ്ങും
കെ.ബി. ഗണേശ്കുമാർ,
ഗതാഗത മന്ത്രി
വയനാട് പുനർനിർമ്മാണം: സാലറി ചലഞ്ച് നീട്ടി
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനുള്ള സാലറി ചലഞ്ചിന് സമ്മതപത്രം നൽകാനുള്ള സമയം സർക്കാർ നീട്ടി.
ആഗസ്റ്റിൽ സംഭാവന നൽകാത്തവർക്ക് സെപ്തംബറിലെ ശമ്പളത്തിൽ നിന്ന് നൽകാം. ആഗസ്റ്റിലെ ശമ്പളത്തിൽ കുറവ് ചെയ്യാനായിരുന്നു മുൻ ഉത്തരവ്. പലർക്കും സമ്മതപത്രം നൽകാനായില്ലെന്നും സമയം നീട്ടണമെന്ന നിവേദനം ലഭിച്ചെന്നുമാണ് പുതിയ ഉത്തരവിൽ പറയുന്നത്. സാലറി ചലഞ്ചിലൂടെ 500 കോടി പ്രതീക്ഷിച്ച സർക്കാരിന് ലഭിച്ചത് 41.20 കോടി മാത്രം.
അഞ്ച് ദിവസം നിർബന്ധമാക്കാതെ ജീവനക്കാരുടെ കഴിവ് പോലെ സംഭാവന നൽകാൻ അനുവദിക്കണമെന്ന പ്രതിപക്ഷ സംഘടനകളുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. ഇതോടെ പകുതിയോളം ജീവനക്കാരും വിട്ടുനിന്നു. ക്ഷാമബത്ത അടക്കം നിരവധി ആനുകൂല്യങ്ങൾ 3 വർഷമായി ലഭിക്കാതിരുന്നതും സാലറിചലഞ്ചിനെ ബാധിച്ചു.
5 ദിവസത്തിൽ കുറയാത്ത ശമ്പളമാണ് സർക്കാർ ചോദിച്ചത്.ആഗസ്റ്റിൽ ഒരു ദിവസത്തേയും അടുത്ത രണ്ടുമാസങ്ങളിൽ രണ്ടുദിവസത്തെ വീതവും ശമ്പളവുമാണ് നൽകേണ്ടിയിരുന്നത്. ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തിൽ കൂടുതൽ ശമ്പളവും നൽകാമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാർ ലീവ് സറണ്ടർ വഴി അഞ്ചുദിവസത്തെ വേതനത്തിന് തുല്യമായ തുക ഒറ്റയടിക്ക് നൽകുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങളായി ലീവ് സറണ്ടർ ചെയ്ത് പണമാക്കാൻ അനുമതി നൽകിയിരുന്നില്ല. സാലറി ചലഞ്ചിന് മാത്രം ഇളവ് നൽകി. ഇതോടെ കണക്കിൽ പണമെത്തിയെങ്കിലും അക്കൗണ്ടിൽ പണം ഇല്ല. ഈ തുക ധനവകുപ്പ് നൽകണം. സർക്കാർ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല. അതിനാലാണ് സമയം നീട്ടിയത്.