തിരുവനന്തപുരം: തിരുവനന്തപുരം ആർ.ടി.ഓഫീസിൽ മന്ത്രി കെ.ബി.ഗണേശ് കുമാർ മിന്നൽ പരിശോധന നടത്തി.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് മന്ത്രി ഓഫീസിലെത്തിയത്.അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറും ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ഉദ്യോഗസ്ഥരോടും,ഓഫീസിലെത്തിയ സന്ദർശകരോടും മന്ത്രി കാര്യങ്ങൾ തിരക്കി.ഓഫീസ് പ്രവർത്തനങ്ങളും പരിശോധിച്ചു.
റിസപ്ഷനിലുള്ള ഉദ്യോഗസ്ഥ സന്ദർശകരോട് കയർത്തത് മന്ത്രിയുടെ ശ്രദ്ധയിൽപെട്ടു.ഇത്തരം പെരുമാറ്റം ഒഴിവാക്കാൻ മന്ത്രി നിർദ്ദേശിച്ചു.ഓഫീസിലെത്തുന്നവരോട് മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.ഓഫീസിലെ വിവിധ സെക്ഷനുകളും മന്ത്രി സന്ദർശിച്ചു.ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഡി.സിയുടെ ലെനിൻ സിനിമാസ് തിയേറ്ററിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പാർക്കിംഗ് പ്രശ്നവും പരാതിയായി മന്ത്രിക്ക് മുന്നിലെത്തിയിരുന്നു.ഇത് നേരിട്ട് പരിശോധിക്കാനാണ് മന്ത്രിയെത്തിയത്.ഇതിനിടെ ആർ.ടി. ഓഫീസിലേക്കും കയറുകയായിരുന്നു.