
തിരുവനന്തപുരം: പീഡനക്കേസിൽ എം.മുകേഷ് എം.എൽ.എ അറസ്റ്റിലായതോടെ സി.പി.എം വീണ്ടും പ്രതിരോധത്തിലായി. മുൻകൂർ ജാമ്യമുള്ളതിനാൽ മുകേഷിനെ വിട്ടയച്ചത് താത്കാലിക ആശ്വാസമാണങ്കിലും എം.എൽ.എ അറസ്റ്റിലായതിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജയടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിപക്ഷത്തെ രണ്ട് എം.എൽ എമാരുടെ കേസ് ഉന്നയിച്ചാണ് സി.പി.എം അതിനെ പ്രതിരോധിച്ചത്. ആരോപണ വിധേയൻ മാത്രമായ മുകേഷ് രാജിവയ്ക്കേണ്ടതില്ല എന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും നിലപാടെടുത്തത്. പുതിയ സാഹചര്യത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യാനുമിടയുണ്ട്.
അതേസമയം, എം.വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നീ എം.എൽ.എമാർക്കെതിരെ ഇതുപോലുള്ള കേസുള്ളതിനാൽ മുകേഷിന്റെ രാജിക്കാര്യത്തിൽ സി.പി.എം തീരുമാനിക്കട്ടെ എന്നതാണ് യു.ഡി.എഫിന്റെ നിലപാട്.
ഉപ്പുതിന്നവൻ വെള്ളംകുടിച്ചു: പരാതിക്കാരി
ഉപ്പുതിന്നവൻ വെള്ളം കുടിച്ചെന്ന് മുകേഷിനെതിരെ പരാതി നൽകിയ നടി. മുകേഷിന്റെ അറസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇനിയും മുകേഷുമാർ ഉണ്ടാകരുത്. കലാകാരന്മാർക്ക് അഭിനയിക്കാനുള്ള അവസരമുണ്ടാകണം. സ്ത്രീകൾക്ക് നേരെ അതിക്രമത്തിന് ആരും മുതിരരുത്. എം.എൽ.എയായാലും മന്ത്രിയായാലും അറസ്റ്റിലാകുമെന്നത് ഓർക്കണം. അന്വേഷണ സംഘത്തിന് നന്ദി.