തിരുവനന്തപുരം: ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) അറിയാതെ ജനറൽ ആശുപത്രിയിലെ കാന്റീൻ രഹസ്യമായി ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് നൽകാൻ നീക്കമെന്ന് ആക്ഷേപം.ഇന്നലെ ചേർന്ന കാന്റീൻ സബ്കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.എച്ച്.എം.സി യോഗത്തിൽ ചർച്ച ചെയ്യാതെ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതിന് പിന്നിൽ അഴിമതിയാണെന്ന് ഒരുവിഭാഗം എച്ച്.എം.സി അംഗങ്ങൾ ആരോപിക്കുന്നു. എച്ച്.എം.സിക്കാണ് ക്യാന്റീനിന്റെ നടത്തിപ്പ് ചുമതല.വരുമാനവും എച്ച്.എം.സിക്കാണ്.
ടെൻഡർ പരസ്യപ്പെടുത്താതെ ഒന്നിലധികം ഡമ്മി ക്വട്ടേഷനുകൾ തരപ്പെടുത്തി താത്പര്യമുള്ളയാൾക്ക് നൽകാനായി വഴിവിട്ട നീക്കം നടത്തുന്നതായാണ് ആക്ഷേപം. ജൂലായിൽ നിലവിലെ കാന്റീൻ നടത്തുന്നയാളുടെ കാലാവധി കഴിഞ്ഞെങ്കിലും.എച്ച്.എം.സി യോഗത്തിൽ വിഷയമവതരിപ്പിക്കാതെ ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിച്ചെന്നും പിന്നാലെയാണ് രഹസ്യനീക്കം ആരംഭിച്ചതെന്നും ആരോപണമുണ്ട്.
എച്ച്.എം.സി അനുമതിയില്ലാതെ ക്വട്ടേഷൻ ഉറപ്പിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അംഗങ്ങൾ.നിലവിലെ കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.ഭക്ഷ്യവിഷബാധ കാരണം ആശുപത്രിയിലെ കാന്റീൻ അടച്ചുപൂട്ടിയ സ്ഥിതിവരെയുണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ ഗുണമേന്മയില്ലാത്ത ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച പരാതികൾ നിലനിൽക്കെ കൃത്യമായ പരിശോധന നടത്തി മാത്രമേ ക്വട്ടേഷൻ ഉറപ്പിക്കാവൂയെന്നാണ് അംഗങ്ങളുടെ നിലപാട്. 1.45ലക്ഷം രൂപ വരെ വാങ്ങിയാണ് ഒരു വർഷത്തേക്ക് ടെൻഡർ നൽകുന്നത്.