
കാട്ടാക്കട: അന്തിയൂർകോണം പാലത്തിന് മുകളിൽ റോഡ് ടാർ ചെയ്യുന്ന ഫില്ലിംഗ് യന്ത്രം നിയന്ത്രണം വിട്ട് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. മണ്ഡപത്തിൻ കടവ് സ്വദേശി സുസ്മിത(38)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി 7 ഓടെയായിരുന്നു സംഭവം. സുസ്മിതയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയിൻകീഴ് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന ടാർ ഫില്ലിംഗ് മിഷ്യനാണ് അപകടത്തിൽപ്പെട്ടത്. പൊട്ടൻകാവ് കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണംവിട്ട മിഷ്യൻ പിന്നിലേക്ക് ഉരുണ്ടു. ഇതിന് തൊട്ടുപിന്നിലായി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സുസ്മിതയുടെ സ്കൂട്ടറിൽ ഇടിച്ചശേഷം സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇടിയിൽ സുസ്മിതയും സ്കൂട്ടറും യന്ത്രത്തിന് അടിയിലായി. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ ഒതുക്കിമാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.