a

ആധുനിക തൊഴിൽസംസ്കാരം വിളയിച്ചെടുത്തതാണ് ബേൺ ഔട്ട് അഥവാ എരിഞ്ഞടങ്ങൽ എന്ന ക്രൂര പ്രതിഭാസം. വ്യക്തികൾ തൊഴിൽ മർദ്ദത്തിന്റെ പുകക്കുഴലുകളിൽ അടയ്ക്കപ്പെടുകയാണ്. നിലയ്ക്കാറാകുന്ന ചിറകടിയൊച്ചകൾ ഭരണകൂടത്തിന്റെ കാതുകളിൽ പതിയ്ക്കാതെ ഇതിനൊരു അറുതിയുണ്ടാവില്ലെന്ന് ഉറപ്പാണ്. വിഷരഹിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് സ്ഥാപനങ്ങളും സ്വയം പരിപാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തികളും തിരിച്ചറിയുക.

ഓവർടൈം വർക്ക് ചെയ്യുന്ന പ്രോജക്ടുകളെയും ജീവനക്കാരെയും കമ്പനികൾ മോണിറ്റർ ചെയ്യേണ്ടതുണ്ട്. മാനസികാരോഗ്യവും തൊഴിൽ നിയമങ്ങളും പരിപാലിക്കപ്പെടുന്നുണ്ടെന്ന് സ്ഥിരമായി പരിശോധിക്കുകയും, കമ്പനികളെ നിരീക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അന്ന സെബാസ്റ്റ്യന്റെ പിതാവ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങളിലേക്ക്...

ഇ.വൈ പൂനെയുടെ

മാത്രം പ്രശ്നമല്ല

ഞങ്ങളുടെ മകൾ അന്നയുടെ മരണത്തെത്തുടർന്ന് ജോലി സമ്മർദ്ദത്തെക്കുറിച്ച് ദേശീയ തലത്തിലുൾപ്പെടെ ചർച്ചകൾ നടക്കുകയാണല്ലോ. അന്നയുടെ മരണം അവൾ ജോലിചെയ്ത പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗിന്റെ (ഇ.വൈ ) പ്രശ്നം മാത്രമായി ഒതുങ്ങുമായിരുന്നു. മാദ്ധ്യമ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് ഈ വിഷയത്തിൽ ഇത്രയും ചർച്ചനടന്നത്. ഞങ്ങൾക്ക് മകളെ നഷ്ടമായി. മറ്റൊരു മാതാപിതാക്കൾക്കും അവരുടെ മക്കളെ നഷ്ടപ്പെടരുതെന്ന് മാത്രമാണ് പ്രാർത്ഥന. ഇത് ഇ.വൈയുടെ മാത്രം കാര്യമല്ല,​ ഐ.ടി,​ ഇൻഷ്വറൻസ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനികളൊന്നും തൊഴിൽനിയമങ്ങൾ പാലിക്കുന്നില്ല. കൃത്യമായ തൊഴിൽ നിയമങ്ങളുണ്ടെങ്കിലും ശക്തമായി നടപ്പാക്കുന്നില്ല. ഇനിയെങ്കിലും ഈ രംഗത്ത് ഗവൺമെന്റിന്റെ ശ്രദ്ധപതിയുകയും തൊഴിൽനിയമങ്ങൾ നടപ്പാക്കുന്നെന്ന് ഉറപ്പാക്കുകയും വേണമെന്നാണ് അന്നയുടെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളുടെ അഭ്യർത്ഥന.

സിബി ജോസഫ്

ഏണസ്റ്റ് ആൻഡ് യംങ് കമ്പനിയിൽ

ജോലിയിലിരിക്കെ മരിച്ച

അന്ന സെബാസ്റ്റ്യന്റെ പിതാവ്

.............................

വേണം 40 മണിക്കൂർ

വർക്ക് വീക്ക്

തൊഴിൽസംസ്കാരം

തൊഴിൽസമ്മർദ്ദം കുറയ്ക്കാൻ ദിവസം എട്ടുമണിക്കൂർ ജോലി അഥവാ 40 മണിക്കൂർ വർക്ക് വീക്ക് തൊഴിൽസംസ്‌കാരം രൂപപ്പെടുത്തുകയാണ് വേണ്ടത് . ഓവർടൈം ജോലിയും ഓവർടൈം അലവൻസും വ്യക്തിയുടെ ശാരീരിക മാനസികാരോഗ്യം പണയംവച്ചുള്ള തീക്കളിയാണ്. കൂടുതൽ പേർക്ക് തൊഴിൽ, മെച്ചപ്പെട്ട തൊഴിൽ സംസ്‌കാരം, മികച്ച വർക്ക്‌ ലൈഫ് ബാലൻസ് എന്നതൊക്കെ തൊഴിലവകാശ നിയമങ്ങളിൽ ഉൾപ്പെടുത്തുകയും ഇവ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് തൊഴിൽവകുപ്പിന്റെ ഉത്തരവാദിത്തമാണ്.

തൊഴിൽ സമ്മർദ്ദങ്ങളും ഓവർടൈമും ഉൾപ്പെടെയുള്ള തൊഴിൽ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഹെൽപ് ലൈൻ സംവിധാനവും ആവശ്യമാണ്‌.

രാധിക വിശ്വനാഥൻ

എച്ച്.ആർ പ്രൊഫഷണൽ, ഐ.ടി മേഖല

..........................................

നിയമലംഘനം റിപ്പോർട്ട്

ചെയ്യാൻ സംവിധാനം വേണം

ഐ.ടി ജീവനക്കാർക്ക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർതലത്തിൽ ഓൺലൈൻ സംവിധാനവും പ്രശ്നങ്ങൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യാൻ കമ്പനികളിൽ ഇന്റേണൽ കംപ്ലയിന്റ് ഫോറവും അനിവാര്യമാണ്. പലയിടത്തും ഫോറമുണ്ടെങ്കിലും ജീവനക്കാർക്ക് അതേക്കുറിച്ച് അറിയുക പോലുമില്ല.

ജോലിസംബന്ധമായ മാനസികപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും, ഉടൻ സഹായം ലഭിക്കാനും ഹോട്ട്‌ലൈൻ ആരംഭിക്കണം. മാനസികാരോഗ്യ ഫസ്റ്റ് എയ്ഡ് പരിശീലനം കമ്പനികൾതന്നെ നൽകണം. 2017ലെ മാനസികാരോഗ്യ പരിചരണ നിയമം മുഴുവൻ കമ്പനികളും പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം.

ജി.ആർ രാജീവ് കൃഷ്ണൻ

സംസ്ഥാന കൺവീനർ

പ്രതിദ്ധ്വനി (ഐടി ജീവനക്കാരുടെ ക്ഷേമസംഘടന)

............................................

നോ പറയേണ്ടിടത്ത്

യേസ് വേണ്ട

നോ പറയേണ്ടിടത്ത് നോ എന്നുതന്നെ പറയണം. കഴുത്തിലുള്ള ബാഡ്ജ് അടിമച്ചങ്ങലയല്ല, അവകാശങ്ങളുടെ സാക്ഷ്യപത്രമാണെന്ന ബോധം എല്ലാ ജീവനക്കാരിലും (പ്രത്യേകിച്ച്, ഐടി , ബാങ്കിങ്, ഹോസ്പിറ്റാലിറ്റി) ഉണ്ടാകണം.

ഔദ്യോഗികമായും, നിയമപരമായും സംരക്ഷണം ലഭിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ടാകാൻ സർക്കാർ തലത്തിലും നടപടികളാവശ്യമാണ്. തൊഴിലെടുക്കുന്ന സമയം, ലീവ്, ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുന്ന രീതി, ഇവയൊക്കെ സമയബന്ധിതമായി ഗവണ്മെന്റിലേക്ക് റിപ്പോർട്ട് ചെയ്യാൻ വ്യവസ്ഥയുണ്ടാക്കണം. അമിത ജോലിഭാരം അനുഭവപ്പെടുന്ന കേസുകൾ, നിരന്തരമായി ഓവർടൈം ചെയ്യേണ്ടിവരുന്ന കേസുകൾ എന്നിവ ഉയർന്ന തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും വ്യവസ്ഥകൾ സുതാര്യമായി നടപ്പിലാക്കാക്കുകയും ചെയ്താൽ ചൂഷണം കുറയും.

പല കമ്പനികളും മാനസികോല്ലാസത്തിനുള്ള അവസരങ്ങളൊരുക്കാറുണ്ട്. സാമൂഹ്യ സേവനത്തിലേർപ്പെടുന്നതും ജോലിയുടെ വിരസത അകറ്റും. മാനസിക സമ്മർദ്ദത്തിന്റെ അപായ സൂചനകൾ അവഗണിക്കാതെ വിദഗ്ദോപദേശം തേടുക.

സന്തോഷ് മേലേകളത്തിൽ

ഇൻഫോപാർക്ക് , കൊച്ചി

.............................................

ഇ.എം.ഐ മരണങ്ങൾ

യുവതലമുറയ്ക്ക് വലിയ ശമ്പളമുള്ള ജോലി ലഭിക്കുമ്പോൾ സ്ഥലംവാങ്ങൂ,​ വീടുവയ്ക്കൂ എന്നൊക്കെ പറഞ്ഞ് ബന്ധുക്കളും കുടുംബവും ചേർന്ന് അവരെക്കൊണ്ട് വമ്പൻ ലോണുകളാണ് എടുപ്പിക്കുന്നത്. ഒപ്പം മറ്റ് ഇ.എം.ഐകളും... ലോണെടുത്ത് വലിയ കാർ വാങ്ങുന്നവർക്ക് കാറിൽകയറി സഞ്ചരിക്കാൻ സമയമുണ്ടോ?​ ജോലി സമ്മർദ്ദത്തിനൊപ്പം സാമ്പത്തിക സമ്മർദ്ദവുമുണ്ട് ഇവരുടെ ചുമലിൽ.

ജോലിഭാരം വരുംതലമുറയെ ബാധിക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ജോലിയുടെ തത്രപ്പാടിനിടയിൽ കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്ക് സമയമില്ല. അമേരിക്കയിലെ സമയക്രമമനുസരിച്ച് ജോലി ചെയ്യേണ്ടി വരുമ്പോൾ ഉറങ്ങാനോ സന്ധ്യാനേരങ്ങളിൽ പുറത്തുപോകാനോ സാധിക്കാറില്ല. മൂന്നുവർഷത്തിനിടെ നമ്മുടെ നാട്ടിൽ കുഴഞ്ഞുവീണ് മരിച്ചവരുടെ കണക്കെടുത്താൽ നാൽപതിനും അതിനു താഴെയുമായി നിരവധി പേരുണ്ട്. ഗവൺമെന്റ് ഇത് പഠനവിധേയമാക്കണം. മാനസിക പിരിമുറുക്കം എങ്ങനെയാണ് നമ്മുടെ സമൂഹത്തെ ബാധിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കെ.എ ബീന

എഴുത്തുകാരി,​

മാദ്ധ്യമപ്രവർത്തക

.....................................

ആസൂത്രണം

സമ്മർദ്ദമൊഴിവാക്കും

ജി.വിജയരാഘവൻ

ഫൗണ്ടർ സി.ഇ.ഒ, ടെക്‌നോപാർക്ക്

ഐ.ടി മേഖലയിൽ സമ്മർദ്ദമുണ്ടെന്നത് വാസ്തവമാണ്. ജോലി കൃത്യമായി ആസൂത്രണം ചെയ്താൽ സമ്മർദ്ദങ്ങളൊഴിവാക്കാം. പല കമ്പനികളും മെന്റൽ ഹെൽത്ത് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പാക്കാനാണ്.

മാനേജർ തലത്തിൽ നിന്നാണ് സമ്മർദ്ദം താഴേത്തട്ടിലേക്ക് വരുന്നത്. തങ്ങൾക്ക് മേലുള്ള സമ്മർദ്ദം മാനേജർമാർ താഴേക്ക് പങ്കുവയ്ക്കുകയാണ്. ഇതൊഴിവാക്കേണ്ടതാണ്. പല കമ്പനികളിലും രാത്രി ഏഴിനുശേഷം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഡിന്നർ നൽകുന്നുണ്ട്. വാഹനത്തിൽ വീട്ടിലെത്തിക്കും. വാരാന്ത്യത്തിൽ ജോലിചെയ്താൽ പകരം ഓഫ് നൽകും.

പണ്ടൊക്ക കൂട്ടുകുടുംബങ്ങളായിരുന്നതിനാൽ എന്ത് സമ്മർദ്ദവും പങ്കുവയ്ക്കാൻ അവസരമുണ്ടായിരുന്നു. ഇന്ന് അതില്ല. ദൂരെസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലപ്പോഴും സുഹൃത്തുക്കളും കുറവായിരിക്കും. സ്കൂൾതലം മുതൽ സമ്മർദ്ദം നേരിടാൻ കുട്ടികൾക്ക് പരിശീലനം നൽകണം. നോ പറയേണ്ടിടത്ത് നോ പറയാനുള്ള പ്രാപ്തി ആർജ്ജിക്കുകയാണ് പരമപ്രധാനം.

.........................

സമ്മർദ്ദം ഒഴിവാക്കാൻ

വ്യക്തികൾ ശ്രദ്ധിക്കേണ്ടത്

ഡോ.അരുൺ ബി.നായർ

പ്രൊഫസർ,​ മാനസികാരോഗ്യ വിഭാഗം

മെഡിക്കൽ കോളേജ്,​ തിരുവനന്തപുരം

 എട്ടുമണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.

 ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശത്തിൽ വ്യായാമം ചെയ്യുക.

 ദിവസം ഒരു മണിക്കൂറെങ്കിലും കുടുംബാംഗങ്ങളോടും കുട്ടികളോടുമൊപ്പം ചെലവഴിക്കുക

 ഒരു മണിക്കൂർ പാട്ടുകേൾക്കാനോ,​ ടി.വി കാണാനോ,​ പാചകം ചെയ്യാനോ വായിക്കാനോ അതുമല്ലെങ്കിൽ വെറുതെയിരിക്കാനോ ചെലവഴിക്കുക.

 ജോലി മാത്രമാണ് ജീവിതമെന്ന് കരുതരുത്. തൊഴിലിടം നിങ്ങളില്ലെങ്കിലും മുന്നോട്ടുപൊയ്ക്കൊള്ളും.

 മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുത്തേണ്ടത് നിങ്ങൾക്കും കുടുംബത്തിനും മാത്രമല്ല,​ ജോലിചെയ്യുന്ന സ്ഥാപനത്തിനും ഗുണകരമായ ഫലങ്ങൾ നൽകും.

 ഓവർടൈം ജോലിചെയ്ത് അധികം വരുമാനമുണ്ടാക്കുന്നത് ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടാവരുത്. ജോലിയോടൊപ്പം ചെറിയ ബിസിനസുകൾ,​ റിയൽ എസ്റ്റേറ്റ് ,​ ഓൺലൈൻ ട്രേഡിംഗ് എന്നിവയൊക്കെ നടത്തുന്നവർ ഇതൊന്നും വ്യക്തിജീവിതത്തെയോ ആരോഗ്യത്തെയോ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

 മാനസിക സമ്മർദ്ദമുണ്ടെങ്കിൽ സുഹൃത്തുക്കളോടോ കുടുബത്തോടോ ജോലിസ്ഥലത്തെ എച്ച്.ആർ വിഭാഗത്തോടെ പങ്കുവയ്ക്കണം.

 ജോലിയിൽ അവ്യക്തതയോ മനസിലാക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ മേലധികാരിയോടോ പരിചയസമ്പന്നരായ സഹപ്രവർത്തകരോടോ ചോദിക്കുക.

 എരിഞ്ഞടങ്ങലിന്റെ അഥവാ ബേൺ ഔട്ടിന്റെ അവസ്ഥയിലെത്തിയാൽ തീർച്ചയായും നിങ്ങൾക്ക് ബ്രേക്ക് എടുക്കാൻ അവകാശമുണ്ട്. യാത്രചെയ്തോ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചോ മാനസിക സ്വാസ്ഥ്യം വീണ്ടെടുത്ത ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക.

 ഒരുതരത്തിലും തുടർന്നുപോകാനാകാത്ത സാഹചര്യത്തിൽ മറ്റൊരു തൊഴിലിടം കണ്ടെത്തുക. ഓർക്കുക,​ ജീവിതത്തിൽനിന്ന് വിടവാങ്ങുന്നതിനേക്കാൾ നല്ലത് ജോലിയിൽനിന്ന് വിടവാങ്ങുന്നതാണ്.

( പരമ്പര അവസാനിച്ചു )