
ആറുപതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് തലപ്പൊക്കത്തോടെ നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം 91-ാം ജന്മദിനം ആഘോഷിച്ചത്. മുഖത്ത് ഗൗരവത്തിൽ പൊതിഞ്ഞ പ്രസാദാത്മകത, പ്രായത്തിന്റേതായ ഒരു വിധ ക്ഷീണവുമില്ല. സംസാരത്തിൽ ഇടയ്ക്കിടെ കുസൃതിയും പരിഹാസവു കലരും. കണ്ണമ്മൂലയിലെ വസതിയിലേക്ക് എത്തുന്നവരോട് വലിപ്പ, ചെറുപ്പ വ്യത്യാസമില്ലാതെയുള്ള പെരുമാറ്രം. പുകഴ്ത്തലുകളിൽ പുളകിതനാവാറില്ല, ഇഷ്ടക്കേടു തോന്നിയാൽ പ്രകടിപ്പിക്കുന്നതിൽ പിശുക്കുമില്ല. ഇതൊക്കെ കൊണ്ടു തന്നെ മധു, മലയാളിയുടെ മധുവസന്തമായി പരിലസിക്കുകയാണ്. സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും അദ്ദേഹത്തെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസ നേർന്നു. ചിലർ നേരിട്ടെത്തി. കാലങ്ങളായി തുടരുന്ന രാത്രി വൈകിയുള്ള ഉറക്കത്തിനും പകൽ വൈകിയുള്ള ഉറക്കമുണരലിനും മാറ്റമേയില്ല. നവതിയിലും പ്രധാന പ്രണയം സിനിമയോട് തന്നെ. രാത്രിയിൽ ഏതെങ്കിലുമൊരു സിനിമ കാണുന്നത് നിർബ്ബന്ധം.
1960 കളിൽ തുടങ്ങിയതാണ് സിനിമാ അഭിനയം. സത്യനും നസീറും മലയാളത്തിന്റെ മുഖ്യതാരങ്ങളായി നിറഞ്ഞു നിൽക്കുമ്പോഴാണ് മധുവിന്റെ വരവ്. തന്റേതായ കൃത്യമായ ഒരിടം കണ്ടെത്തി പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും അതേസമയം തങ്ങളുടെ മേഖലയിൽ ആരോഗ്യകരമായി മത്സരിച്ചുമൊക്കെയാണ് മൂവരും മുന്നോട്ടു പോയത്. സത്യനും പിന്നീട് നസീറും നമ്മെ വിട്ടു പോയി. ആറു പതിറ്റാണ്ടിനിടയിൽ എത്രയോ നായക നടന്മാർ മലയാള ചലച്ചിത്ര വേദിയിൽ നിറഞ്ഞാടി. പക്ഷെ അപ്പോഴും ഒരു പാതയിലൂടെ മധു മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു.തനിക്കിണങ്ങുന്ന കഥാപാത്രവും തന്റെ ശീലങ്ങളോട് പൊരുത്തപ്പെടുന്ന സംവിധായകരുമെത്തിയാൽ അഭിനയിക്കാൻ അദ്ദേഹം ഇപ്പോഴും റെഡി.
400 ചിത്രങ്ങളിൽ അഭിനയിച്ചു, 12 സിനിമകൾ സംവിധാനം ചെയ്തു, 15 ചിത്രങ്ങൾ നിർമ്മിച്ചു. നമ്മുടെ നാട്ടിൽ തന്നെ സിനിമാ ചിത്രീകരണം നടത്താൻ തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചു. ഇതിൽ കൂടുതലൊക്കെ എന്തു സംഭാവനയാണ് നൽകേണ്ടത്. അതു കൊണ്ടു തന്നെ മലയാള സിനിമയും മലയാളികളും മധുവിനോട് കടപ്പെട്ടിരിക്കുന്നു.
മധുരമേറിയ
പിറന്നാൾ ദിനം
പിറന്നാൾ ദിനത്തിൽ പതിവിലും നേരത്തെ, ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഉറക്കമുണർന്നു. അപ്പോഴേക്കും വീട്ടു മുറ്റത്ത് പിറന്നാൾ ആശംസകൾ നേരാൻ അടുപ്പക്കാരെത്തിയിരുന്നു. മാദ്ധ്യമ പ്രവർത്തകരും. അല്പ സമയത്തിനുള്ളിൽ എത്തി നടൻ മോഹൻലാലിന്റെ വിളി. പിറന്നാൾ ആശംസ നേർന്ന പ്രിയ നടനുമായി ഫോണിൽ ചെറിയ കുശലം പറച്ചിൽ. അത് കട്ട് ചെയ്തപ്പോഴേക്കും അടുത്ത വിളി, മമ്മൂട്ടിയുടെ വക. അദ്ദേഹവുമായും സന്തോഷം പങ്കിട്ട് ചെറിയ വർത്തമാനം. ഒരു മണിയോടെ നടൻ സുരേഷ് ഗോപിയും പത്നി രാധികയും എത്തി. വന്നപാടെ കേന്ദ്രമന്ത്രി , മഹാനടന്റെ പാദങ്ങൾ തൊട്ടുവണങ്ങി. കസവ് കരയുള്ള മുണ്ട് അദ്ദേഹത്തിന്റെ തോളിൽ അണിയിച്ചു. അപ്പോഴേക്കും മധു മകൾ ഉമയെ നീട്ടിവിളിച്ചു. ഉമ ഒരു കുഞ്ഞ് പെട്ടി അച്ഛന് കൈമാറി. സുരേഷ് ഗോപിക്കായി കരുതിയ സ്നേഹ സമ്മാനം- ഒരു സ്വർണ്ണ മോതിരം. മോതിരം വിരലിലണിഞ്ഞ് , മധുവിനെ കാട്ടിക്കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും സംതൃപ്തി. ജന്മ നക്ഷത്ര ദിനമായ ഒക്ടോബർ അഞ്ചിന് താൻ ഒരു പിറന്നാൽ സദ്യ ഒരുക്കാമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹത്തിന് ചെറുപുഞ്ചിരിയോടെ അനുമതി. മകളുടെ വിവാഹ വിശേഷങ്ങൾ സവിസ്തരം സുരേഷ് ഗോപി പറഞ്ഞു. ഇതിനിടെ കൂടെപ്പിറപ്പിന് പിറന്നാൾ ആശംസ നേരാൻ സഹോദരിമാരായ വിജയലക്ഷ്മിയും രാജലക്ഷ്മിയും മറ്റ് അടുത്ത ബന്ധുക്കളും എത്തി.
യഥാർത്ഥത്തിൽ തലേ രാത്രി തന്നെ ചെറുമകൻ വിശാഖും ഭാര്യ വർഷയും പിറന്നാൾ കേക്ക് ഒരുക്കി ആഘോഷത്തിന് തുടക്കമിട്ടിരുന്നു. മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മറ്റൊരു കേക്കും തയാറാക്കി. രാത്രി 12 ന് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. പിറന്നാൾ സദ്യ കഴിക്കാൻ സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം ഒഴിഞ്ഞു. എങ്കിലും സേമിയ പായസം അല്പം കഴിച്ചു. പിറന്നാൾ നായകൻ സദ്യയുണ്ണാൻ ഇരുന്നപ്പോൾ മണി മൂന്നായി. പരിപ്പും പപ്പടവും അവിയലും സാമ്പാറുമൊക്കെ ചേർത്ത് ഒരു പിടി. വിശാഖും വർഷയും മുത്തച്ഛനൊപ്പം സദ്യ ഉണ്ണാനിരുന്നപ്പോൾ ഉമയും കൃഷ്ണകുമാറും വിളമ്പുകാരായി. ആദ്യ റൗണ്ട് ചോറു കഴിഞ്ഞപ്പോൾ മധുസാർ ഒന്നു തല ഉയർത്തി. സംഗതി മനസിലാക്കി ഉമ അടപ്രഥമനുമായി എത്തി. പിന്നാലെ കടല പായസം, സേമിയാ പായസം, അമ്പലപ്പുഴ പാൽപ്പായസം. ഷുഗറിനെ അകറ്റി നിറുത്തിയിട്ടുള്ളതിനാൽ മധുരം കഴിക്കുന്നതിൽ തെല്ലും ലോപം വരുത്തിയില്ല. മധുരത്തിന് ശേഷം രസത്തിനും പുളിശ്ശേരിക്കും വേണ്ടി ഓരോ പിടി ചോർ. ഒരു കവിൾ സംഭാരം കൂടി അകത്താക്കിയപ്പോൾ പിറന്നാൾ സദ്യ സമ്പൂർണ്ണം. സാധാരണ ഇത്രയൊന്നും കഴിക്കാറില്ലെന്ന് ആത്മഗതം.
ഈ ബഹളമൊക്കെ നടക്കുമ്പോഴും ജോലിത്തിരക്കിലായിരുന്നു വിശാഖ്. 'എല്ലാവരും ജീവിക്കാൻ വേണ്ടി ജോലി ചെയ്യമ്പോൾ ഇവൻ ജോലിചെയ്യാൻ വേണ്ടിയാണ് ജീവിക്കുന്നത്' മധു സാറിന്റെ ഡയലോഗ് കേട്ടപ്പോൾ കൂട്ടച്ചിരി.
പിറന്നാൾ ദിനത്തിൽ നല്ല മൂഡിലായിരുന്നു അദ്ദേഹം. കിട്ടിയ അവസരത്തിലൊക്കെ തഗ്ഗ് ഡയലോഗുകൾ തട്ടിവിട്ടുകൊണ്ടേയിരുന്നു. ആദ്യകാല സിനിമകളിൽ തന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഡോ.ജയദേവൻ നായർ ആശംസകളറിയിക്കാൻ എത്തി. 'എനിക്കിപ്പോൾ 81 ആയി' എന്ന് ജയദേവൻ' .'കണ്ടാൽ പറയൂല്ലെന്ന് മധുസാറിന്റെ സരസ മറുപടി. ഞാൻ ദിവസവും നടക്കും. ഇപ്പോൾ വീട്ടിൽ നിന്നും നടന്നാണ് വന്നതെന്ന് ജയദേവൻ നായർ പറഞ്ഞപ്പോൾ ഉടൻ വരുന്നു കാലിക പ്രസക്തമായ കമന്റ്, 'നടക്കുന്നതൊക്കെ കൊള്ളാം പട്ടികടിക്കാതെ സൂക്ഷിണം'. വീണ്ടും അഭിനയിക്കാൻ തയ്യാറെടുക്കുന്നുവെന്ന് കേട്ടല്ലോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പറ്റിയ കഥാപാത്രം ലഭിച്ചാൽ വീണ്ടും അഭിനയിക്കുമെന്ന് മറുപടി. ഞാൻ അതിനായി റിസ്കെടുക്കുകയാണെങ്കിൽ അതിന് ഫലം വേണം. മനസിൽ ഏതെങ്കിലും കഥാപാത്രമുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനയൊന്നു മനസിൽ വന്നാൽ ഞാൻ തന്നെ ആ സിനിമയൊരുക്കുമെന്ന നയപ്രഖ്യാപനം.
ഇതു കൂടി കേൾക്കണേ
കെട്ട കാലത്തു കൂടി മലയാള സിനിമ കടന്നു പോകുന്നത് ചലച്ചിത്ര പ്രേമികളെ വല്ലാതെ നോവിക്കുന്നുണ്ട്. ആ നോവലിനിടയിലും മധുസാറിനെ പോലെയുള്ളവർ തല ഉയർത്തി നിൽക്കുകയാണ്, നമ്മുടെ അഭിമാന സ്തംഭം പോലെ.