വെള്ളറട: ആര്യങ്കോട് പഞ്ചായത്തിൽ മിനി ടൂറിസം പദ്ധതിക്ക് സാദ്ധ്യതകളേറെ. പഞ്ചായത്തിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശത്തെ വികസനങ്ങൾക്കും സാദ്ധ്യതയേറും. കിഴക്കൻമല, കോയിക്കൽ, പഴിഞ്ഞിപ്പാറ, കുറ്റിയാണിക്കാട് ചാനൽ പാലം തുടങ്ങി നിരവധി പ്രകൃതി രമണീയമായ പ്രദേശങ്ങൾ ഇവിടെയുണ്ട്. പാറശാല നിയോജക മണ്ഡലത്തിലുൾപ്പെട്ട ആര്യങ്കോട് പഞ്ചായത്ത് ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുന്നതോടെ പഞ്ചായത്തിന് നല്ലൊരു വരുമാനവും നിരവധി പേർക്ക് ടൂറിസത്തെ ആശ്രയിച്ച് നിരവധി തൊഴിലവസരങ്ങളും ലഭിക്കും. ഈരാറ്റിൻപുറം, അരുവിക്കര പദ്ധതികളുമായി ബന്ധപ്പെടുത്തി മിനി ടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കീഴാറൂരിലെ പഴിഞ്ഞിപ്പാറയെ ചടയമംഗലം ജടായുപ്പാറയുടെ മാതൃകയിൽ വികസിപ്പിച്ചാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് നടപ്പാക്കിയാൽ ടൂറിസ്റ്റുകൾ ഏറെ എത്തുമെന്നും പ്രദേശവാസികൾ പറയുന്നു.
സൗകര്യങ്ങൾ ഒരുക്കണം
ഈരാറ്റിൻപുറം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളേറെയും ഈ പ്രദേശങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്. എന്നാൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. പഞ്ചായത്തും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ സർക്കാർ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ തയ്യാറാകുമെന്ന് നാട്ടുകാർ പറയുന്നു. ടൂറിസ്റ്റുകൾ എത്താത്ത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയാണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗശൂന്യമായിട്ടിരിക്കുന്നത്. ചിറ്റാർ നദി ഒഴുകുന്ന ആര്യങ്കോട് പഞ്ചായത്ത് പ്രദേശത്തു കൂടിയാണ് പഴിഞ്ഞിപ്പാറയിലെ കതളിവാഴചുനയും മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഗുഹയും സ്ഥിതിചെയ്യുന്നത്.