photo

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം ആർട്സ് കോളേജിലെ പി.ജി അവസാന വർഷ വിദ്യാർത്ഥി ഫൈസലിനെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. തിങ്കളാഴ്ച വൈകിട്ട് നാലോടെ കോളേജിന് മുന്നിലായിരുന്നു സംഭവം.

എസ്.എഫ്.ഐ പ്രവർത്തകരായ അഖിൽ,​നിഖിൽ എന്നിവർ മദ്യപിച്ചെത്തി ആക്രമിക്കുകയായിരുന്നെന്ന് കാഞ്ഞിരംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുതുകിലും നെഞ്ചിലും കാലിലും പരിക്കേറ്റ ഫൈസൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഫൈസൽ തങ്ങളെ മർദ്ദിച്ചെന്നാരോപിച്ച് അഖിലും നിഖിലും അന്നേദിവസം പുല്ലുവിള ആശുപത്രിയിലെത്തിയെങ്കിലും പരിക്കില്ലാത്തതിനാൽ അവിടെ ചികിത്സിക്കാനായില്ല.

തുടർന്ന് ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിയെങ്കിലും പരിക്കില്ലാത്തതിനാൽ അവിടെയും ചികിത്സ നൽകാൻ ഡ്യൂട്ടി ഡോക്ടർമാർ വിസമ്മതിച്ചു. ഇതിനെതിരെ ആശുപത്രിയിലെ ഇടത് സഹയാത്രികരായ താത്കാലിക ജീവനക്കാർ രംഗത്തെത്തിയതോടെ കോൺഗ്രസുകാരും സ്ഥലത്തെത്തി. വിവരമറിഞ്ഞ് നെയ്യാറ്റിൻകര പൊലീസ് ആശുപത്രിയിലെത്തി രംഗം ശാന്തമാക്കുകയായിരുന്നു.