supreme-court

കുട്ടികളും സ്‌ത്രീകളും ഏറ്റവും സുരക്ഷിതമായും നിർഭയമായും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഏറ്റവും മികച്ച ഭരണം നടക്കുന്ന ഇടം. ക്രമസമാധാന പാലനം തകരുന്നു എന്ന് കേൾക്കുമ്പോൾ അതിന്റെ ആദ്യത്തെ ഇരകൾ കുട്ടികളും സ്‌ത്രീകളുമാണെന്ന് ഊഹിച്ചുകൊള്ളണം. സ്വാതന്ത്ര്യ‌ം കിട്ടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യയിലെ ഭൂരിപക്ഷം നഗരങ്ങളും രാത്രിയിൽ സ്‌ത്രീകൾക്ക് സുരക്ഷിതമല്ല എന്നതാണ് യാഥാർത്ഥ്യം. അതിൽ തന്നെ ഭരണകർത്താക്കളെല്ലാം കഴിയുന്ന തലസ്ഥാന നഗരമായ ഡൽഹി സ്‌ത്രീകൾക്ക് രാത്രിയിൽ തനിയെ സഞ്ചരിക്കുന്നതിന് ഒട്ടും സുരക്ഷിതമായ സ്ഥലമല്ല. നിയമങ്ങളൊക്കെ നിലവിലുണ്ടെങ്കിലും പ്രസംഗത്തിലും മറ്റും സ്‌‌ത്രീകളെയും കുട്ടികളെയും സ്‌നേഹപൂർവം പരിപാലിക്കണമെന്ന് സംസ്കാരത്തിന്റെ മഹിമ ചൂണ്ടിക്കാട്ടി പറയുമെങ്കിലും യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ ഇതൊന്നുമല്ല അനുഭവത്തിൽ പലർക്കും ഉണ്ടാകുന്നത്. പ്രായപൂർത്തിയായ സ്‌ത്രീകൾക്ക് പ്രതികരിക്കാനും പരാതിപ്പെടാനുമെങ്കിലും കഴിയുമെന്ന് കരുതാം. പക്ഷേ ചെറുപ്രായത്തിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കാര്യം അങ്ങനെയല്ല. ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് പോലും അവർക്ക് ഉണ്ടാകണമെന്നില്ല. അതിനാൽ കുട്ടികളോട് കാണിക്കുന്ന ഏതു ക്രൂരതയും പരമാവധി ശിക്ഷ ലഭിക്കേണ്ടതു തന്നെയാവണം. കുട്ടികളെ ചൂഷണത്തിന് വിധേയരാക്കുന്ന നിരവധി സംഭവങ്ങളാണ് നിത്യേന വാർത്തകളായി വരുന്നത്. ഈ പശ്ചാത്തലത്തിൽ കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ സ്വകാര്യമായി വീക്ഷിക്കുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ശ്ലാഘനീയമാണ്. ഇത്തരം ദൃശ്യങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുന്നതും സ്വകാര്യമായി വീക്ഷിക്കുന്നതും കുറ്റകരമായി കണക്കാക്കേണ്ടതില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി പുതിയ വിധി പ്രസ്താവിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്‌തുത.

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കാണുന്നതും യഥാർത്ഥത്തിൽ കുട്ടികളെ ചൂഷണത്തിനിരയാക്കുന്നതും തമ്മിൽ വ്യത്യാസമില്ലെന്നാണ് വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന് കണ്ടാൽ അത്തരം ദൃശ്യങ്ങൾ പകർത്തി രഹസ്യമായെങ്കിലും പ്രചരിപ്പിക്കാനുള്ള പ്രേരണ സമൂഹത്തിൽ നിലനിൽക്കും. അതിനാൽ ഇത്തരം കുറ്റകൃത്യങ്ങളുടെ വേരറുപ്പിക്കാൻ പര്യാപ്‌തമായ വിധിയാണ് ഉന്നത കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പറഞ്ഞത്.

കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ എന്ന പ്രയോഗം ഒഴിവാക്കി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ രേഖകൾ എന്നാക്കി പോക്സോ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കണമെന്നും വിധിന്യായത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുമായി സൗഹൃദം കൂടിയും ഭീഷണിപ്പെടുത്തിയും അവരുടെ ദരിദ്ര‌മായ സാഹചര്യങ്ങൾ മുതലെടുത്തും ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ച് വിൽക്കുന്ന വമ്പൻ ശൃംഖലകൾ ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ തടയാൻ വലിയ ഒരു അളവ് വരെ സുപ്രീംകോടതിയുടെ വിധി ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്റർനെറ്റിന്റെ വരവോടെയാണ് ഇത്തരം അനാശാസ്യമായ പ്രവണതകൾ വർദ്ധിച്ചുവന്നത്. കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇവയുടെ സ്വാധീനവും ചെറുതല്ല.

മൊബൈൽ ഫോൺ വ്യാപകമായതോടെ അശ്ളീല സൈറ്റുകൾ സ്വകാര്യമായി ആർക്കും വീക്ഷിക്കാമെന്ന നില വന്നത് സമൂഹത്തിൽ ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ മാറോട് ചേർത്തുപിടിച്ച് സംരക്ഷണം നൽകുന്ന കരുതലുള്ള വിധിന്യായമാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.