
പാലോട്: തകർന്ന് തരിപ്പണമായ ആലംപാറ തോട്ടുമുക്ക് റോഡ് പുനരുദ്ധാരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലംപാറയിലും കള്ളിപ്പാറയിലും മീൻമുട്ടിയിലും റോഡുകൾ തകർന്നു തരിപ്പണമായി എന്ന തലക്കെട്ടോടെ ജൂലായ് 1ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തോട്ടുമുക്ക് വരെയുള്ള 1230 മീറ്റർ റോഡാണ് ഒന്നാംഘട്ടത്തിൽ നവീകരിക്കുന്നത്. കരാറുകാരൻ അഞ്ച് ദിവസം മുൻപേ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും നിർമ്മാണ പ്രവർത്തനത്തിലെ അപാകത ചൂണ്ടിക്കാട്ടി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർ മഞ്ചുവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അടിയന്തര ഇടപെടലുണ്ടാവുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനായി റോഡിലെടുത്ത കുഴിയിൽ വീണ് നാലോളം പേർക്ക് പരിക്ക് പറ്റിയിരുന്നു. ഈ കുഴികൾ മെറ്റൽ ഉപയോഗിച്ച് മൂടാത്തതാണ് അപകടത്തിന് കാരണമായത്. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് എ.ഇ അറിയിച്ചു.